ലഖിംപുര്‍ ഖേരി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിജില്ലയില്‍നിന്ന് കണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം മൃഗങ്ങള്‍ പകുതി ഭക്ഷിച്ച നിലയില്‍ കുറ്റിക്കാട്ടില്‍ കണ്ടെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ കുട്ടിയെ കാണാതായിരുന്നു. മൈഗല്‍ഗഞ്ച് പ്രദേശത്തെ വീട്ടില്‍നിന്ന് 200 മീറ്റര്‍മാത്രം അകലെയുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

മൃതദേഹം പല മൃഗങ്ങള്‍ ഭക്ഷിച്ചുവെന്നാണ് സൂചന. കുട്ടിയുടെ ശരീരത്തിലെ കഴുത്തിന് താഴെയുള്ള ഭാഗങ്ങള്‍ മിക്കതും മൃഗങ്ങള്‍ ഭക്ഷിച്ചുവെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ വീട്ടില്‍നിന്ന് മൂന്ന് വയസുകാരിയെ മൃഗങ്ങള്‍ എങ്ങനെ കുറ്റിക്കാട്ടില്‍ എത്തിച്ചു എന്നകാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സമീര്‍ കുമാര്‍ പറഞ്ഞു.

മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കുറുക്കന്റെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ കുറുക്കന്മാര്‍ ഇത്തരത്തില്‍ ആക്രമിക്കില്ലെന്നാണ് വനംവകുപ്പ് അദികൃതര്‍ പറയുന്നത്. സ്ഥലത്ത് വനം വകുപ്പ് രണ്ട് ക്യാമറകള്‍ സ്ഥാപിച്ചു. കുട്ടിയെ ആക്രമിച്ച മൃഗം ഏതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. പ്രദേശത്തെ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും കുട്ടികള്‍ വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Content Highlights: Partially eaten remains of 3-year-old recovered