പാഴ്സി വിഭാഗക്കാർ | File Photo - Mathrubhumi archives
ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ വളര്‍ച്ചയില്‍ വലിയ സംഭാവനകള്‍ നല്കിയ പാഴ്സി ജനവിഭാഗത്തിന്റെ എണ്ണം കുത്തനെ കുറയുന്നു. ഇവരുടെ നിലനില്പിനായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 'ജിയോ പാഴ്സി' പദ്ധതിപ്രകാരം ഇതുവരെ ജനിച്ചത് 359 കുട്ടികള്‍ മാത്രമാണ്. ചെലവാക്കിയതോ 2.25 കോടി രൂപയും.
ദമ്പതികള്‍ക്ക് കൗണ്‍സലിങ്, വിവാഹം, കുടുംബബന്ധം തുടങ്ങിയവയെക്കുറിച്ച് ശില്പശാലകള്, രക്ഷിതാക്കളുടെ ബോധവത്കരണം, മയക്കുമരുന്നുവിരുദ്ധ ക്ലാസുകള്‍, വന്ധ്യതാനിവാരണത്തിനും വാടകഗര്ഭധാരണത്തിനുമുള്ള സൗകര്യങ്ങള്‍ തുടങ്ങിയവ പാഴ്സികളുടെ എണ്ണം കൂട്ടാന്‍ സര്‍ക്കാര്‍ ചെയ്യുന്നതായി ന്യൂനപക്ഷക്ഷേമ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി തിങ്കളാഴ്ച രാജ്യസഭയെ അറിയിച്ചു. വാര്‍ഷികവരുമാനം 10 ലക്ഷത്തില്‍ താഴെയുള്ള കുടുംബങ്ങളിലെ 115 ദമ്പതിമാര്‍ക്ക് 10 ലക്ഷംവീതം സഹായമനുവദിച്ചതായി അദ്ദേഹം വ്യക്തമാക്കി.
1941-ല്‍ 1,14,000-ത്തോളമുണ്ടായിരുന്ന പാഴ്സി വിഭാഗം 2001 സെന്‍സസില്‍ 69,601-ഉം 2011-ല്‍ 57,264 ആയും കുറഞ്ഞു. ഇപ്പോഴേതാണ്ട് അരലക്ഷത്തോളംപേര്‍ മാത്രമാണ് രാജ്യത്തുള്ളത്. 1300 കൊല്ലംമുമ്പ് പേര്‍ഷ്യയില്‍നിന്ന് ഇന്ത്യയിലെത്തിയവരാണ് പാഴ്സികള്‍. യാഥാസ്ഥിതിക മതനിയമങ്ങളിലൂന്നി ജീവിച്ച അവര്‍ സ്വതന്ത്ര ഇന്ത്യയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു. ലോകത്തെത്തന്നെ വലിയ ബിസിനസ് സാമ്രാജ്യങ്ങളിലൊന്നായ ടാറ്റ ഗ്രൂപ്പിന്റെ ഉടമ രത്തന്‍ ടാറ്റയടക്കമുള്ള പാഴ്സി വിഭാഗത്തില്‍പ്പെട്ടവര്‍ രാജ്യത്തിനുനല്‍കിയ സംഭാവനകളേറെ. രത്തന്‍ ടാറ്റ വിവാഹം കഴിച്ചിട്ടില്ല, കുട്ടികളുമില്ല. ഇതേ പാത പിന്തുടരുന്നവര് പാഴ്സി വിഭാഗത്തില്‍ ഏറെയാണ്.
സ്വന്തം സമുദായത്തില്‍നിന്ന് പങ്കാളിയെ കണ്ടെത്താനാവാത്തപ്പോഴും കടുത്ത യാഥാസ്ഥിതികത്വം കാരണം പാഴ്സികള്‍ക്ക് പുറംസമുദായക്കാരെ ആശ്രയിക്കാനാവുമായിരുന്നില്ല. അത്തരക്കാരെ സമുദായത്തില്‍നിന്ന് പുറത്താക്കുന്നതും അച്ഛനമ്മമാരെയും ബന്ധുക്കളെയും മരിച്ചാല്‍പ്പോലും കാണാന്‍ അനുവദിക്കാത്തതും പതിവായിരുന്നു. എന്നാലിപ്പോള്‍ 40 ശതമാനം പാഴ്സി വിവാഹങ്ങളും പുറത്തുള്ളവരുമായാണെന്നാണ് രേഖകള്‍.
ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്ന പാഴ്സി സ്ത്രീകള്‍ പലപ്പോഴും വൈകിയാണ് വിവാഹിതരാവുന്നത്. പാഴ്സികള്‍ ഏറെയുള്ള മുംബൈയില്‍ വര്‍ഷം 800 പേരെങ്കിലും മരിക്കുമ്പോള്‍ ജനിക്കുന്നത് 200 പേരാണെന്ന് കണക്കുകള്‍ പറയുന്നു.
Content Highlights: Parsi population in India continues to decline
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..