ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന കര്‍ണാടക രാഷ്ട്രീയത്തിലും ബീഫ് തന്നെ പ്രധാന ചര്‍ച്ചാവിഷയം. ഈ പശ്ചാത്തലത്തില്‍ ബിജെപിക്ക് പുതിയ വിശേഷണവുമായി കര്‍ണാടക കോണ്‍ഗ്രസ് രംഗത്ത്‌. ഭാരതീയ ജനതാ പാര്‍ട്ടി എന്നതിന് ബീഫ് ജനതാ പാര്‍ട്ടി എന്ന് വിശേഷിപ്പിച്ച് ആ ഹാഷ് ടാഗിലാണ് ട്വീറ്റുകള്‍. 

'പരീക്കര്‍ക്ക് അത് ഇറക്കുമതി ചെയ്യണം, യോഗിക്ക് അത് കയറ്റുമതി ചെയ്യണം, റിജിജുവിന് അത് കഴിക്കണം. സോമിന് അത് വില്‍ക്കണം. ബീഫിനേയും ബിസിനസ്സിനേയും കൂട്ടിക്കലര്‍ത്തരുത്. ബീഫും രാഷ് ട്രീയവും കൂട്ടിക്കലര്‍ത്തുന്നത് ബിജെപിയുടെ കാപട്യമാണ് തെളിയിക്കുന്നതെന്ന് കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററില്‍ വന്ന ട്വീറ്റ് പറയുന്നു.

ബിജെപി നേതാക്കളും മുഖ്യമന്ത്രിമാരുമായ മനോഹര്‍ പരീക്കര്‍, യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി കിരണ്‍ റിജിജു, സംഗീത് സോം എന്നിവരിലൂടെ ഓരോ സംസ്ഥാനത്തും ബീഫിന്റെ കാര്യത്തില്‍ ബിജെപി സ്വീകരിക്കുന്ന വ്യത്യസ്ത നിലപാടുകളാണ് ട്വീറ്റിലൂടെ കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത്‌.