ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് പ്രതിഷേധങ്ങളോടെ തുടക്കം. ലോക്‌സഭ ചേര്‍ന്നയുടന്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലില്‍ ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധമുയര്‍ത്തി. അംഗങ്ങള്‍ നടത്തുളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെ ഉച്ചവരെ സഭ നിര്‍ത്തിവെക്കുകയാണെന്ന് സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു.

പ്രതിപക്ഷം ഉന്നയിക്കുന്ന ഏതേ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ തന്റെ സര്‍ക്കാര്‍ തയ്യാറാണെന്ന് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം സഭയുടേയും സ്പീക്കറുടേയും അന്തസ്സിനെ പ്രതിപക്ഷം മാനിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

'എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. അതോടൊപ്പം എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാനും. പാര്‍ലമെന്റില്‍ ചോദ്യങ്ങളും സമാധാനവുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സര്‍ക്കാരിനെതിരെയോ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയോ ശബ്ദമുയര്‍ന്നാലും അത് പാര്‍ലമെന്റിന്റേയും സ്പീക്കറുടെ കസേരയുടേയും അന്തസ്സ് ഉയര്‍ത്തിപിടിച്ചുകൊണ്ടുവേണം. യുവതലമുറയെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റം നാം നിലനിര്‍ത്തണം' പ്രധാനമന്ത്രി പറഞ്ഞു.

പുതിയ കോവിഡ് വകഭേദമായ ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി സാമാജികര്‍ക്ക് മുന്നറിയിപ്പും നല്‍കി. ഈ പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരുടേയും ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നതിനാല്‍ എല്ലാ എംപിമാരും മറ്റുള്ളവരും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: Parliament Winter Session-Lok Sabha adjourned till noon as Opposition demands discussion on farm laws