ന്യൂഡൽഹി: 65 രൂപയ്ക്ക് ലഭിച്ചിരുന്ന ഹൈദരാബാദി മട്ടൺ ബിരിയാണിക്ക് ഇനി പാർലമെന്റ് കാന്റീനിൽ 150 രൂപ നൽേകണ്ടി വരും. സബ്‌സിഡി നിര്‍ത്തലാക്കിയതോടെയാണിത്‌.

പാർലമെന്റ് കാന്റീനിലെ വിഭവങ്ങളുടെ ഈ ആഴ്ച പ്രഖ്യാപിച്ച വില വിപണി വിലയുമായി ചേർന്നുനിൽക്കുന്നതാണ്. പുതുക്കിയ വില പ്രകാരം റൊട്ടിക്ക് മൂന്നുരൂപയും വെജിറ്റേറിയൻ ഊണിന് 100 രൂപയും നോൺവെജിറ്റേറിയൻ ലഞ്ച് ബുഫേക്ക് 700 രൂപയും നൽകേണ്ടി വരും.

പാർലമെന്റ് കാന്റീന് നൽകി വന്ന സബ്സിഡി നിർത്തലാക്കുമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. പാർലമെന്റ് സമ്മേളനത്തിന്റെ വിശദാംശങ്ങൾ മാധ്യമങ്ങളെ അറിയിക്കുന്നതിനിടയിലാണ് സബ്സിഡി നിർത്തലാക്കുന്ന കാര്യം സ്പീക്കർ അറിയിച്ചത്.

സബ്സിഡി നിർത്തലാക്കുന്നതോടെ സാമ്പത്തിക ചെലവ് എത്രത്തോളം കുറയുമെന്നത് സംബന്ധിച്ച് സ്പീക്കർ വ്യക്തമാക്കിയിട്ടില്ലെങ്കിലും പുതിയ നീക്കത്തിലൂടെ ലോക്സഭാ സെക്രട്ടറിയേറ്റിന് പ്രതിവർഷം എട്ടുകോടി രൂപ ലാഭിക്കാൻ കഴിയുമെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തു. 2019ൽ 13 കോടി രൂപയാണ് പാർലമെന്റിൽ സബ്‌സിഡി നിരക്കില്‍ ഭക്ഷണം നൽകുന്നതിനായി ചെലവാക്കിയത്.

1968 മുതൽ നോർത്തേൺ റെയിൽവേ നടത്തിവരുന്ന കാന്റീൻ അടുത്തിടെ ഇന്ത്യൻ ടൂറിസം ഡെവലപ്പ്മെന്റ് കോർപറേഷന് കൈമാറിയിരുന്നു.

Content Highlights:Parliament canteen sheds subsidy