രാഹുൽ ഗാന്ധി | Photo : ANI
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദ്രിരത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച് വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. 'അഹംഭാവത്തിന്‍റെ ഇഷ്ടികകൾ കൊണ്ടല്ല, ഭരണഘടനാമൂല്യങ്ങള്‍ കൊണ്ടാണ് പാര്‍ലമെന്റ് നിര്‍മിക്കപ്പെട്ടിരിക്കുന്നതെ'ന്ന് രാഹുൽ പറഞ്ഞു. പാർലമെന്‍റ് ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കി 19 പ്രതിപക്ഷ കക്ഷികൾ പ്രസ്താവന ഇറക്കിയതിനു പിന്നാലെയാണ് രാഹുലിന്‍റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം.
പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അവസരം നല്‍കുകയോ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കുകയോ ചെയ്യാത്തതിലൂടെ രാജ്യത്തെ ഏറ്റവും ഉന്നതമായ ഭരണഘടനാപദവിയെ അവഹേളിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റിൽ പറഞ്ഞു.
പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടം ചെയ്യുന്ന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെ 19 പ്രതിപക്ഷകക്ഷികള്‍ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ജനാധിപത്യത്തിന്റെ ആത്മാവിനെ പാര്‍ലമെന്റില്‍നിന്ന് കുടിയിറക്കിയ ശേഷം പുതിയ മന്ദിരത്തില്‍ ഒരുമൂല്യവും കാണാനാകുന്നില്ലെന്ന് കോണ്‍ഗ്രസ്, എഎപി, ടിഎംസി, ഇടതുപാർട്ടികൾ തുടങ്ങിയവ ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികൾ ചൂണ്ടിക്കാട്ടിയിരുന്നു.
മേയ് 28-നാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. രാഷ്ട്രപതി തന്നെ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാനം ചെയ്യണമെന്നാണ് പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെടുന്നത്. രാഷ്ട്രത്തലവന്‍ മാത്രമല്ല, പാര്‍ലമെന്റിന്റെ അവിഭാജ്യഘടകം കൂടിയാണ് രാഷ്ട്രപതി എന്നാണ് പ്രതിപക്ഷകക്ഷികളുടെ നിലപാട്.
Content Highlights: Parliament built through constitutional values not by 'bricks of ego' says Rahul Gandhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..