ന്യൂഡല്‍ഹി: രാജ്യത്തെ പാര്‍ലമെന്റ് മന്ദിരം സുരക്ഷിതമല്ലെന്ന് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി. ഇപ്പോഴത്തെ അവസ്ഥയില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷി കെട്ടിടത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടം സെസ്മിക് സോണ്‍ നാലില്‍ ആണ് ഉള്‍പ്പെടുന്നതെന്നും ഇത് അപകടസാധ്യത കൂടുതലുള്ള കെട്ടിടങ്ങളെ ഉള്‍ക്കൊള്ളിക്കുന്ന ശ്രേണിയാണെന്നും അദ്ദേഹം പറഞ്ഞു.

കെട്ടിടം പണികഴിപ്പിച്ച സമയത്ത് സെസ്മിക് സോണ്‍ രണ്ടിലായിരുന്നു ഇന്ത്യന്‍ പാര്‍ലമെന്റ്. നിലവില്‍ ഇന്ത്യന്‍ പാല്‍ലമെന്റ് പണിതത് പാര്‍ലമെന്റ് മന്ദിരമാക്കുകയെന്ന ഉദ്ദേശത്തോടെയല്ലെന്നും അത് ബ്രിട്ടീഷുകാരുടെ കാലത്തെ ഒരു കൗണ്‍സില്‍ മാത്രമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ കഴിഞ്ഞ കുറച്ച് കാലമായി പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. 2021ല്‍ അടുത്ത സെന്‍സസിന് ശേഷം 2026ല്‍ പാര്‍ലമെന്റ് മണ്ഡലങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. സ്വാഭാവികമായും എം.പിമാരുടെ എണ്ണവും വര്‍ധിക്കും. എന്നാല്‍ നിലവിലെ അവസ്ഥയില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും നിലവില്‍ പരമാവധി ആള്‍ക്കാരെ കെട്ടിടം ഉള്‍ക്കൊള്ളുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയ പാര്‍ലമെന്റ് മന്ദിരമായ സെന്‍ട്രല്‍ വിസ്ത നിര്‍മാണം പുരോഗമിക്കുകയാണ്. 20,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരം മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നാണ്. പാര്‍ലമെന്റും വൈസ് പ്രസിഡന്റിന്റെ ഔദ്യോഗിക ഭവനവുമാണ് പദ്ധതിയുടെ ഭാഗമായി ആദ്യം പൂര്‍ത്തിയാക്കുക. രാജ്യത്ത് കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ ഇത്തരമൊരു പദ്ധതിയുമായി കേന്ദ്രം മുന്നോട്ട് പോകുന്നതിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തുണ്ട്. എന്നാല്‍ മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

Content Highlights: India`s parliament building reached maximum capacity and is unsafe says union minister puri