പട്‌ന: ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നവജാതശിശു എലിയുടെ കടിയേറ്റ് മരിച്ചതായി ആരോപണം. ബിഹാറിലെ ദര്‍ബംഗ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒമ്പതുദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് എലിയുടെ കടിയേറ്റ് മരിച്ചത്. 

ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന കുഞ്ഞിനെ എലി കടിക്കുന്നത് തങ്ങള്‍ പുറത്തുനിന്ന് കണ്ടെന്നാണ് മാതാപിതാക്കളുടെ മൊഴി. സംഭവസമയം ഒരു നഴ്‌സ് പോലും ജോലിയില്‍ ഇല്ലായിരുന്നുവെന്നും പിന്നീട് നഴ്‌സിനെ വിളിച്ചുകൊണ്ടുവന്നപ്പോഴേക്കും കുഞ്ഞ് മരിച്ചെന്നും മാതാപിതാക്കള്‍ പറഞ്ഞു. ഒമ്പതുദിവസം മുന്‍പ് ജനിച്ച കുഞ്ഞിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് കുട്ടികളുടെ തീവ്രപരിചണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നത്.

അതേസമയം, എലിയുടെ കടിയേറ്റ് കുഞ്ഞ് മരിച്ചെന്ന ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. കുട്ടിയുടെ ദേഹത്ത് സൂചിവെച്ച പാടുകള്‍ കണ്ട് മാതാപിതാക്കള്‍ തെറ്റിദ്ധരിച്ചതാണെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവം വിവാദമായതോടെ ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍പാണ്ഡെ അന്വേഷണത്തിന് ഉത്തരവിട്ടു. മാതാപിതാക്കളുടെ ആരോപണം വിശദമായി പരിശോധിക്കുമെന്നും ശരിയായ രീതിയില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.