'ആ പരാഗിനെ കണ്ടു പഠിക്കെടാ'...ഇനി വീട്ടില്‍ വഴക്കിട്ടാല്‍ മക്കളോട് അച്ഛനും അമ്മയും പറയുക ഈ വാക്കുകളായിരിക്കും. 37-ാം വയസ്സില്‍ ട്വിറ്ററിന്റെ അമരത്ത് പരാഗ് അഗ്രവാളെത്തുമ്പോള്‍ പിന്നില്‍ കഠിനധ്വാനത്തിന്റെ ഒരു കഥയുണ്ട്. 

ഇന്ത്യന്‍ ഡിപാര്‍ട്‌മെന്റ് ഓഫ് അറ്റോമിക് എനര്‍ജിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥാനയ അച്ഛനും സ്‌കൂള്‍ അധ്യാപികയായ അമ്മയുമായിരുന്നു പരാഗിന്റെ വഴികാട്ടികള്‍. അച്ഛനെപ്പോലെ പ്രൊഫഷണല്‍ ജീവിതത്തില്‍ ഉന്നതിയിലെത്തണമെന്ന് കുട്ടിക്കാലം മുതലേ മനസ്സിലുണ്ടായിരുന്നു. മുംബൈയില്‍ ജനിച്ച പരാഗ് അറ്റോമിക് എനര്‍ജി സെന്‍ട്രല്‍ സ്‌കൂളിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. അന്ന് ഗായിക ശ്രേയ ഘോഷല്‍ സഹപാഠിയായിരുന്നു. 

2001-ല്‍ തുര്‍ക്കിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിസിക്‌സ് ഒളിമ്പ്യാഡില്‍ സ്വര്‍ണമെഡല്‍ നേടി. 2005-ല്‍ മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സിലും എഞ്ചിനീയറിങ്ങിലും ബിരുദം. പിന്നീട് അമേരിക്കയിലേക്ക് പോയ പരാഗ് സ്റ്റാംഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി. 

യാഹൂവില്‍ ഗവേഷകനായി പ്രവര്‍ത്തിച്ചു. 2011 മുതല്‍ ജീവിതം ട്വിറ്ററിനൊപ്പമായി. എഞ്ചിനീയറായിട്ടായിരുന്നു നിയമനം. ആറു വര്‍ഷത്തിന് ശേഷം ചീഫ് ടെക്‌നോളജി ഓഫീസറായി സ്ഥാനക്കയറ്റം. ശേഷം മെഷീന്‍ ലേണിങ്ങിലെ പുരോഗതിയുടെ മേല്‍നോട്ടം ഉള്‍പ്പെടെ കമ്പനിയുടെ സാങ്കേതിക തന്ത്രങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ഒടുവില്‍ ട്വിറ്ററിനൊപ്പം പത്ത് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ക്യാപ്റ്റന്റെ റോളും കൈയിലെത്തിയിരിക്കുന്നു. 

7.5 കോടി രൂപയാണ് ട്വിറ്റര്‍ വാര്‍ഷിക ശമ്പളമായി പരാഗിന് നല്‍കുക. ബോണസ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ ശമ്പളം ഇനിയും ഉയരും. ഡോക്ടറും സ്റ്റാന്‍ഫോര്‍ഡ് മെഡിസിനില്‍ ക്ലിനിക്കല്‍ പ്രൊഫസറുമായ വിനീത അഗര്‍വാളയാണ് ഭാര്യ. അന്‍ഷ് എന്നു പേരുള്ള ഒരു മകനുണ്ട്. 

Content Highlights: Parag Agrawal new twitter CEO life story