Photo: AFP
ന്യൂഡൽഹി: പൗരന്മാരുടെ ഫോൺ ചോർത്താൻ പെഗാസസ് ചാര സോഫ്റ്റ്വെയർ വാങ്ങിയിട്ടുണ്ടോയെന്ന് അറിയിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം. സുപ്രീംകോടതി രൂപീകരിച്ച ജസ്റ്റിസ് ആർ.വി. രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള വിദഗ്ധ സമിതിയാണ് നിർദേശം നൽകിയത്. വിദഗ്ധ സമിതിക്ക് വേണ്ടി വിശദാംശങ്ങൾ ആരാഞ്ഞ് സുപ്രീംകോടതി സെക്രട്ടറി ജനറൽ സംസ്ഥാന പോലീസ് മേധാവിമാർക്ക് കത്ത് നൽകി.
ഏപ്രിൽ മൂന്നാം വാരമാണ് സംസ്ഥാന പോലീസ് മേധാവിമാർക്ക് കത്ത് നൽകിയത്. ഇന്റലിജൻസ് ഏജൻസികളോ, മറ്റ് ഏതേങ്കിലും ഏജൻസികളോ പൗരന്മാരിൽ നിന്ന് വിവരങ്ങൾ ചോർത്തുന്നതിന് പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയിക്കണം. പെഗാസസ് സോഫ്റ്റ്വെയർ സർക്കാരോ സർക്കാർ ഏജൻസികളോ വാങ്ങിയിട്ടുണ്ടെങ്കിൽ എന്നാണ് വാങ്ങിയതെന്ന് അറിയിക്കണം. പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ആര് അനുമതി നൽകിയെന്ന് അറിയിക്കാനും കത്തിൽ നിർദേശിച്ചിട്ടുണ്ട്.
ഏത് വിഭാഗത്തിൽ പെട്ട സോഫ്റ്റ്വെയർ ആണ് വാങ്ങിയതെന്നും, എത്ര ലൈസൻസ് കരസ്ഥമാക്കിയെന്നും അറിയിക്കാനും കത്തിൽ നിർദേശിച്ചിട്ടുണ്ട്. ഇതേ ചോദ്യാവലി കേന്ദ്ര സർക്കാരിനും കൈമാറിയിട്ടുണ്ടെന്നാണ് സൂചന. ചന്ദ്ര ബാബു നായിഡു ആന്ധ്ര മുഖ്യമന്ത്രിയായിരുന്നപ്പോൾ പെഗാസസ് വാങ്ങിയിരുന്നതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വെളിപ്പെടുത്തിയിരുന്നു. പെഗാസസ് നിർമ്മാതാക്കൾ സമീപിച്ചിരുന്നുവെങ്കിലും ബംഗാൾ ചാര സോഫ്റ്റ്വെയർ വാങ്ങിയിരുന്നില്ലെന്ന് മമത ബാനർജി വെളിപെടുത്തിയിരുന്നു.
പെഗാസസ് അന്വേഷണത്തെക്കുറിച്ച് ജസ്റ്റിസ് ആര്.വി.രവീന്ദ്രന് അധ്യക്ഷനായ സമിതി സുപ്രീംകോടതിക്ക് ഇടക്കാല റിപ്പോർട്ട് മുദ്ര വച്ച കവറിൽ കൈമാറിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് സുപ്രീംകോടതി ഇതുവരേയും പരിഗണിച്ചിട്ടില്ല. മാധ്യമ പ്രവര്‍ത്തകരായ എന്‍.റാം, സിദ്ധാര്‍ഥ് വരദരാജന്, രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് എന്നിവരുള്‍പ്പെടെ പന്ത്രണ്ടിലധികംപേരുടെ മൊഴി ജസ്റ്റിസ് രവീന്ദ്രൻ സമിതി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
ജസ്റ്റിസ് ആര്.വി. രവീന്ദ്രന് നേതൃത്വം നല്കുന്ന വിദഗ്ധ സമിതിയില്‍ റോ മുന്‍ മേധാവി അലോക് ജോഷി, സൈബര്‍ സുരക്ഷ വിദഗ്ദ്ധന് ഡോ. സുദീപ് ഒബ്രോയ് എന്നിവരാണ് അംഗങ്ങൾ. ഈ സമിതിക്ക് സാങ്കേതിക ഉപദേശം നല്‍കുന്നതിന് ഡോ. നവീന്‍ കുമാര്‍ ചൗധരി, ഡോ.പി. പ്രഭാകരന്, ഡോ. അശ്വിന് അനില്‍ ഗുമസ്തെ എന്നിവര്‍ അടങ്ങിയ മറ്റൊരു സമിതിക്കും സുപ്രീംകോടതി രൂപം നൽകിയിരുന്നു.
Content Highlights: Panel seeks info from state on Pegasus purchase
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..