ന്യൂഡല്‍ഹി: 'മീ ടൂ' വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട നാലംഗ സമിതി രൂപവത്കരിക്കും. കേന്ദ്ര വനിതാ - ശിശുക്ഷേമ മന്ത്രി മേനകാഗാന്ധിയാണ് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളത്.

'മീ ടൂ' പ്രചാരണത്തിന്റെ ഭാഗമായി നിരവധി വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണിത്. കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ അടക്കമുള്ളവരാണ് വെളിപ്പെടുത്തലുകളുടെ ഭാഗമായ ലൈംഗിക ആരോപണം നേരിടുന്നത്.

വെളിപ്പെടുത്തല്‍ നടത്തിയവരെ താന്‍ വിശ്വസിക്കുന്നു. ഓരോ പരാതിക്ക് പിന്നിലുള്ള വേദനയും ആഘാതവും തിരിച്ചറിയുന്നു. അതിനാല്‍ ഈ പരാതികള്‍ അന്വേഷിക്കാനായി മുതിര്‍ന്ന നിയമജ്ഞരും മുന്‍ ജഡ്ജിമാരും ഉള്‍പ്പെട്ട നാലംഗ സമിതി രൂപവത്കരിക്കും. ഈ സമിതി മീ ടൂ പരാതികളില്‍ വാദംകേട്ട് ആവശ്യമായ നടപടി കൈക്കൊള്ളുമെന്നും കേന്ദ്രമന്ത്രി പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പരാതികളില്‍ നടപടി സ്വീകരിക്കാന്‍ ആവശ്യമായ നിയമവശങ്ങള്‍ സമിതി വിലയിരുത്തും. മന്ത്രാലയത്തിന് ആവശ്യമായ ഉപദേശങ്ങളും ഇവര്‍ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരെ ഉയര്‍ന്ന വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. നിലവില്‍ പത്തോളം സ്ത്രീകളാണ് കേന്ദ്രമന്ത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. ഈ വിഷയത്തില്‍ മേനകാ ഗാന്ധിയും സ്മൃതി ഇറാനിയുമൊഴികെയുള്ള ബി.ജെ.പി നേതാക്കന്മാര്‍ പ്രതികരിക്കാന്‍ പോലും തയ്യാറായിരുന്നില്ല.

Read InDepth: 'മീ റ്റൂ'വും ജൻഡർ പൊളിറ്റിക്സിലേയ്ക്കുള്ള ഫെമിനിസത്തിന്റെ പരിണാമവും