പണ്ഡിറ്റ് ജസ്രാജ് | ഫോട്ടോ - കെ.കെ സന്തോഷ്, മാതൃഭൂമി ആർക്കൈവ്സ്
വാഷിങ്ടണ്‍: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന് പണ്ഡിറ്റ് ജസ്രാജ് (90) അന്തരിച്ചു. അമേരിക്കയിലെ ന്യൂജേഴ്സിയിലായിരുന്നു അന്ത്യം. പദ്മവിഭൂഷണ്, പദ്മഭൂഷണ്‍, പദ്മശ്രീ പുരസ്കാരങ്ങള്‍ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ഹരിയാണയിലെ ഹിസാറില്‍ 1930-ലാണ് അദ്ദേഹത്തിന്റെ ജനനം. അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്ന പിതാവ് മോത്തി റാമില്‍നിന്നാണ് സംഗീത പഠനം തുടങ്ങിയത്. അപൂര്‍വ ശബ്ദ സൗകുമാര്യത്തിന് ഉടമയായിരുന്ന അദ്ദേഹം ബാബ ശ്യാം മനോഹര്‍ ഗോസ്വാമി മഹാരാജാവിന്റെ ശിക്ഷണത്തില്‍ ഹവേലി സംഗീതത്തില്‍ ഗവേഷണം നടത്തി. ജുഗല്‍ബന്ദി സംഗീതത്തിന് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
സംഗീത നാടക അക്കാദമി അവാര്‍ഡ്, സംഗീത കലാരത്ന, മാസ്റ്റര്‍ ദീനാഘോഷ് മംഗേഷ്കര്‍ പുരസ്കാരം, സ്വാതി സംഗീത പുരസ്കാരം, സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്, മാര്‍വാര്‍ സംഗീത് രത്ന അവാര്‍ഡ്, ഭാരത് മുനി സമ്മാന്‍ എന്നിവയും ലഭിച്ചിട്ടുണ്ട്.
ഹിസാറിലാണ് ജസ്രാജ് ജനിച്ചതെങ്കിലും പിതാവ് ഹൈദരാബാദിലെ നൈസാം രാജാവിന്റെ കൊട്ടാരം ഗായകനായിരുന്നതിനാല്‍ അവിടെയാണ് വളര്‍ന്നത്. തുടക്കത്തില്‍ മണിറാമിന്റെ കീഴില്‍ തബല വായിക്കാന്‍ പഠിച്ച ജസ്രാജ് പെട്ടെന്ന് ഒരുനാള്‍ വായ്പ്പാട്ട് പഠനത്തിലേക്ക് തിരിയുകയായിരുന്നു.
ജസ്രംഗി എന്ന പേരിൽ ഒരു ജുഗൽബന്തി ശൈലിതന്നെ ജസ്രാജ് ആവിഷ്കരിച്ചിട്ടുണ്ട്. ഒരു ഗായകനും ഒരു ഗായികയും ഒരേ സമയം രണ്ട് രാഗങ്ങൾ ആലപിക്കുന്ന രീതിയാണിത്. കേരളത്തിലെ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനായ പണ്ഡിറ്റ് രമേശ് നാരായണൻ, ജസ്രാജിന്റെ പ്രമുഖ ശിഷ്യനാണ്. ചില സിനിമകൾക്കുവേണ്ടിയും ജസ്രാജ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഹിന്ദി സിനിമാരംഗത്തെ പ്രശസ്തസംവിധായകൻ വി. ശാന്താറാമിന്റെ മകൾ മാധുരയാണ് ജസ്രാജിന്റെ പത്നി. മക്കൾ: ശാരംഗദേവ് പണ്ഡിറ്റ്, ദുർഗ.
ജസ്രാജിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും അനുശോചിച്ചു. അദ്ദേഹത്തിന്റെ നിര്യാണം രാജ്യത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ വലിയ ശൂന്യതയുണ്ടാക്കുമെന്ന് മോദി ട്വീറ്റ് ചെയ്തു. അസാധാരണമായ പ്രതിഭയായിരുന്നു ജസ്രാജ് എന്നത് മാത്രമല്ല, മറ്റു നിരവധി സംഗീതജ്ഞര്‍ക്ക് മാര്‍ഗദര്‍ശിയുമായിരുന്നു അദ്ദേഹമെന്ന് മോദി അനുസ്മരിച്ചു. പണ്ഡിറ്റ് ജസ്രാജിന്റെ മരണം തന്നെ ഏറെ വേദനിപ്പിക്കുന്നതായി രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
Content Highlights: Pandit Jasraj passes away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..