പനാജി:  നദീ ശുചീകരണ പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ മേയര്‍ക്ക് ഒരാഗ്രഹം. കളപറിക്കല്‍ യന്ത്രത്തില്‍ കയറി നദിയില്‍ യാത്ര ചെയ്യാന്‍. പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മേയര്‍ അതൊന്നും കാര്യത്തിലെടുക്കാതെ  നദിയിലിറങ്ങി. ലാഘവത്തോടെ കൂടെയുളള അഞ്ച് പേരെയും യന്ത്രത്തില്‍ കയറ്റിയ മേയര്‍ക്ക് കിട്ടിയ പണി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

പനാജിയിലെ സെന്റ് ഐനസ്സ് നദിക്കര ശുചീകരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ്  പനാജി മേയര്‍ സുരേന്ദ്ര ഫര്‍ട്ടാഡോ സ്ഥലത്തെത്തിയത്. ഇതിനിടെ നദിയിലെ കള നീക്കാം ചെയ്യാനായി എത്തിച്ച മെക്കാനിക്കല്‍ വീഡിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനം മാധ്യമപ്രവര്‍ത്തര്‍ക്ക് മേയര്‍ വിവരിച്ച് നല്‍കുകയും ചെയ്തു. അതിനിടെ ഒരാവേശത്തിന് കളപറിക്കല്‍ യന്ത്രത്തില്‍ യാത്ര ചെയ്യാന്‍ മുതിരുകയായിരുന്നു മേയര്‍.

വളരെ രസകരമായി യാത്ര നടത്തുന്നതിനിടെ അപ്രതീക്ഷിതമായി മേയറും  കൂടെയുണ്ടായിരുന്ന അഞ്ച് പേരും യന്ത്രം മറിഞ്ഞ് നദിയിലേക്ക് മറിയുകയായിരുന്നു. 

അധികം ആളുകള്‍ കയറിയതിനാലായിരുന്നു യന്ത്രം വെള്ളത്തിലേക്ക് വീണത്. യന്ത്രത്തില്‍ കയറുന്നതിനെതിരെ മേയര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ അത് അവഗണിച്ച് തന്റെ തീരുമാനവുമായി മേയര്‍ മുന്നോട്ട് പോവുകയായിരുന്നുവെന്നും കോണ്‍ഗ്രസ് നിയമോപദേഷ്ടാവ് ജെന്നിഫര്‍ മോണ്‍സെറേറ്റ് പറഞ്ഞു.

മേയറും സംഘവും നടത്തിയ യാത്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് സംഭവം വിവാദമായി. എന്നാല്‍ താന്‍ നദിക്കരയില്‍ നിന്നാണ് വെളളത്തില്‍ വീണതെന്നും അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന വിശദീകരണമായി മേയര്‍ രംഗത്തെത്തിയിട്ടുണ്ട്.