ന്യൂഡല്‍ഹി: മിന്നലാക്രമണത്തില്‍ പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതിന് പിന്നാലെ പാകിസ്താന്റെ രണ്ട് എഫ് 16 വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമസേന ഇവയെ തിരിച്ചയച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. നൗഷേര മേഖലയിലാണ് സംഭവം. ഭീകരകേന്ദ്രങ്ങളില്‍ ആക്രമണമുണ്ടായതു മുതല്‍ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്താന്‍ ഗ്രാമീണരെ മറയാക്കി ഷെല്ലാക്രമണം തുടരുന്നുണ്ട്. 

ലേ, ജമ്മു, ശ്രീനഗര്‍, പത്താന്‍കോട്ട് വിമാനത്താവളങ്ങള്‍ അടച്ചു. ഇവിടെ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മേഖലയിലെ വ്യോമഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. 

ചൊവ്വാഴ്ച വൈകിട്ടു മുതല്‍ അതിര്‍ത്തിയില്‍ പാക് സേന ഷെല്ലാക്രമണം നടത്തുന്നുണ്ട്. ഇതില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. തിരിച്ചടിയായി അഞ്ച് പാക് പോസ്റ്റുകള്‍ ഇന്ത്യന്‍ സേന തകര്‍ത്തു. ഒട്ടേറെ പാക് സൈനികര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റവും പാക് ഭീകരര്‍ ശക്തമാക്കിയിട്ടുണ്ട്. ഷോപ്പിയാനിലെ മീമന്ദറില്‍ പുലര്‍ച്ചെ സംയുക്ത സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിന്റെ വിവിധ മേഖലകള്‍ കനത്ത സൈനിക നിരീക്ഷണത്തിലാണ്.

പുതിയ സാഹചര്യത്തില്‍ രാജ്യത്തിലെ തന്ത്രപ്രധാന മേഖലകളിലും പ്രമുഖ നഗരങ്ങളിലും സുരക്ഷ ശക്തമാക്കി. 

Content highlights: Pakistani Jets Violate Indian Air Space in J&K