ന്യൂഡല്‍ഹി: പാകിസ്താന്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഗില്‍ജിത് ബാല്‍ടിസ്താന്‍ പ്രദേശത്തിന്റെ സ്വയംഭരണാധികാരം എടുത്തുകളയാനൊരുങ്ങുന്നു. ചൈനീസ് സമ്മര്‍ദ്ദത്തിന് വഴങ്ങി ഈ പ്രദേശത്തെ മറ്റൊരു പ്രവിശ്യയാക്കി മാറ്റാനാണ് പാകിസ്താന്റെ നീക്കം. 

നീക്കങ്ങളുടെ ഭാഗമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മേഖലയില്‍ സന്ദര്‍ശനം നടത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. പാക് അധീന കശ്മീരിന്റെയും ഗില്‍ജിത് ബാള്‍ട്ടിസ്താന്റെയും ചുമതലയുള്ള അലി അമിന്‍ ഗന്ദാപുര്‍ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. 

അതേസമയം, ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍ മേഖലയിലെ ഭരണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍, പ്രദേശത്തെ ഭരണം നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവ പരിഗണിച്ചു മാത്രമേ ഇക്കാര്യം നിയമപരമായി നടപ്പാക്കാന്‍ പാകിസ്താന് സാധിക്കൂ.

1949-ല്‍ ഒപ്പിട്ട കറാച്ചി എഗ്രിമെന്റ് പ്രകാരം കൊണ്ടുവന്ന ഫ്രോണ്ടിയര്‍ ക്രൈം റെഗുലേഷന്‍ പ്രകാരമായിരുന്നു പാകിസ്താന്‍ ഈ പ്രദേശം നിയന്ത്രിച്ചിരുന്നത്. 1975 ല്‍ ഇത് ഇല്ലാതാക്കിയെങ്കിലും ഇതിലെ  സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍ നിലനിര്‍ത്തി.

1994ല്‍ നോര്‍ത്തേണ്‍ ഏരിയ കൗണ്‍സില്‍ രൂപീകരിച്ച് ഗില്‍ജിത് ബാള്‍ട്ടിസ്താന്‍ ഭരണം അതിന്റെ കീഴിലാക്കി. 2009ല്‍ ഗില്‍ജിത്-ബാള്‍ടിസ്താന്‍ എംപവര്‍മെന്റ് ആന്‍ഡ് സെല്‍ഫ് ഗവര്‍ണന്‍സ് ഓര്‍ഡര്‍  നടപ്പിലാക്കി. 2018ല്‍  ഇതിന് പകരം ഗില്‍ജിത് ബാള്‍ടിസ്താന്‍ ഓര്‍ഡര്‍ കൊണ്ടുവന്നു. 2019ല്‍ പുതിയൊരു നിയമം കൊണ്ടുവരാന്‍ പാകിസ്താന്‍ ശ്രമിച്ചിരുന്നു.

ഗില്‍ജിത്- ബാള്‍ടിസ്താന്‍ പ്രദേശത്തിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച് പാകിസ്താന് ആശയക്കുഴപ്പം നിലനില്‍ക്കുന്നു എന്നാണ് ഇത്തരത്തില്‍ തുടര്‍ച്ചയായ നിയമമാറ്റങ്ങള്‍ സൂചിപ്പിക്കുന്നത്. 

ഇപ്പോള്‍ ചൈന വലിയ തോതില്‍ നിക്ഷേപം നടത്തിയിരിക്കുന്ന ചൈന-പാകിസ്താന്‍ സാമ്പത്തിക ഇനാഴി ഗില്‍ജിത്-ബാള്‍ടിസ്താനിലൂടെയാണ് കടന്നുപോകുന്നത്. ഈ പദ്ധതിക്കെതിരെ പ്രാദേശികമായി വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ തടസങ്ങളിലില്ലാതെ പദ്ധതി പൂര്‍ത്തിയാക്കാന്‍ പാക് സര്‍ക്കാരിന് ഇവിടെ പൂര്‍ണ നിയന്ത്രണം വേണമെന്ന് ചൈന ആഗ്രഹിക്കുന്നു. ഈയൊരു സമ്മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തിലാണ് ഗില്‍ജിത്- ബാള്‍ടിസ്താനെ പാക് പ്രവിശ്യയാക്കി മാറ്റാന്‍ ശ്രമം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Pakistan to merge Gilgit-Baltistan with the mainland under China's pressure for completion of CPEC