ശ്രീനഗര്‍: കശ്മീരിലെ നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ചിലെ കൃഷ്ണഘട്ടി സെക്ടറിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിവെപ്പ് നടത്തിയെങ്കിലും ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. രാവിലെ ആറ് മണിയോടെ ആരംഭിച്ച വെടിവെപ്പ് ഒരു മണിക്കൂറോളം നീണ്ടുനിന്നതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. 

പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തതിന് പിന്നാലെയാണ് കഴിഞ്ഞദിവസം മുതല്‍ പാക് സൈന്യം അതിര്‍ത്തിയില്‍ പ്രകോപനം തുടങ്ങിയത്. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ബുധനാഴ്ച രാവിലെയും വെടിവെപ്പ് നടത്തിയ പാക് സൈന്യം മേഖലയില്‍ ഷെല്ലാക്രമണവും നടത്തിയിരുന്നു.

അതേസമയം, അതിര്‍ത്തിപ്രദേശങ്ങളില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായതിനാല്‍ മേഖലയിലെ സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ചയും അവധി നല്‍കി. നിയന്ത്രണരേഖയോട് ചേര്‍ന്ന സ്‌കൂളുകള്‍ വ്യാഴാഴ്ചയും പ്രവര്‍ത്തിക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. സംഘര്‍ഷസാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ രണ്ടുദിവസവും പ്രദേശത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു. 

Content Highlights: pakistan started firing in loc kashmir, indian army retaliated