ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ബി.എസ്.എഫ്. ഇന്‍സ്‌പെക്ടറും  അഞ്ചു വയസ്സുള്ള പെണ്‍കുട്ടിയും കൊല്ലപ്പെട്ടു. നിയന്ത്രണരേഖയോട് ചേര്‍ന്ന് പാക് സൈന്യം തിങ്കളാഴ്ച രാവിലെ മുതല്‍ നടത്തിയ ഷെല്ലാക്രമണത്തിലാണ് പ്രദേശവാസിയായ പെണ്‍കുട്ടിയും ബി.എസ്.എഫ്. ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നാല് ബി.എസ്.എഫ്. ജവാന്മാര്‍ക്കും രണ്ട് സാധാരണക്കാര്‍ക്കും പരിക്കേറ്റു. 

തിങ്കളാഴ്ച രാവിലെ 7.45-ഓടെയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഷെല്ലാക്രമണം തുടങ്ങിയത്. മോര്‍ട്ടാറുകളടക്കം ഉപയോഗിച്ച നടത്തിയ ആക്രമണത്തെ ഇന്ത്യന്‍ സൈന്യം പ്രതിരോധിക്കുകയും തിരിച്ചടിക്കുകയും ചെയ്തു. ഏറ്റുമുട്ടലിനിടെയാണ് ബി.എസ്.എഫ്. ഇന്‍സ്‌പെക്ടറും അഞ്ചുവയസ്സുള്ള പെണ്‍കുട്ടിയും കൊല്ലപ്പെട്ടത്. 

പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തെത്തുടര്‍ന്ന് മേഖലയിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ സൈന്യം നിര്‍ദേശം നല്‍കി. തിങ്കളാഴ്ചയും മേഖലയിലെ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. 

Content Highlights: pakistan shelling in jammu kashmir, bsf officer and minor girl killed