ന്യൂഡല്‍ഹി: കശ്മീരില്‍ അസ്ഥിരതയുണ്ടാക്കുന്നതിന് പാക് ചാരസംഘടനയായ ഐഎസ്‌ഐ 800 കോടി രൂപ ചെലവഴിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ (ഐബി)കണ്ടെത്തല്‍. കശ്മീര്‍ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനി, ആസിയ അന്ത്രാബി അടക്കമുള്ളവര്‍ പണം സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വ്യത്യസ്ത വഴികളിലൂടെയാണ് പണം കൈമാറ്റം ചെയ്യപ്പെട്ടത്. എന്നാല്‍ ഉയര്‍ന്ന തുകയുടെ നോട്ടുകളുടെ പിന്‍വലിക്കല്‍ പ്രഖ്യാപിക്കപ്പെട്ട 2016 നവംബറിനു ശേഷം സാമ്പത്തിക കൈമാറ്റത്തില്‍ കാര്യമായ ഇടിവു സംഭവിച്ചതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

പെട്രോള്‍ ബോംബുകളും കല്ലുകളും ഉപയോഗിച്ച് സൈന്യത്തിനുനേരെ കശ്മീരില്‍ ആക്രമണം നടത്തുന്നവര്‍ക്ക് ഈ പണത്തില്‍നിന്ന് ഒരു പങ്ക് നല്‍കിയിട്ടുള്ളതായി റിപ്പോര്‍ട്ട് പറയുന്നു. 2016 ജൂലൈയ്ക്ക് മുന്‍പുതന്നെ കശ്മീരില്‍ കലാപമുണ്ടാക്കാന്‍ പാകിസ്താന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരവാദി ബുര്‍ഹാന് വാനികൊല്ലപ്പെട്ടത് കശ്മീരില്‍ പ്രക്ഷോഭകരെ ഇളക്കിവിടുന്നതിന് സഹായകമായ അന്തരീക്ഷമുണ്ടാക്കിയതായും രഹസ്യാന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി നുഴഞ്ഞുകയറുന്നവരിലൂടെയാണ് പ്രധാനമായും പണം കടത്തുന്നത്. പിന്നീട് ഇടനിലക്കാര്‍ മുഖേനയും ഹവാല മാര്‍ഗ്ഗങ്ങളിലൂടെയും ഈ പണം വിഘടനവാദികളായ പ്രക്ഷോഭകാരികളില്‍ വിതരണം ചെയ്യപ്പെടുന്നു. കശ്മീരില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സുരക്ഷാ ദുര്‍ബലപ്പെടുത്തുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ഈ പണം ഉപയോഗിക്കപ്പെടുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.