ന്യൂഡല്‍ഹി: പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐ, മൊബൈല്‍ ആപ്ലിക്കേഷനുകളും കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും ഉപയോഗിച്ച് ഇന്ത്യന്‍ സുരക്ഷാ സേനയുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതായി സര്‍ക്കാര്‍. കേന്ദ്ര മന്ത്രി എച്ച്. പി. ചൗധരി ലോക്‌സഭയില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം.

മൊബൈല്‍ ഗെയിം, ഓഡിയോ,വീഡിയോ ആപ്പുകളിലൂടെ മാല്‍വെയറുകള്‍ ഉപയോഗിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തുന്നതായി വിവരം ലഭിച്ചതായും വിരമിച്ച സൈനികരെ ജോലിയും പണവും വാഗ്ദാനം ചെയ്ത് പാകിസ്താൻ ചാരവൃത്തിയ്ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ടോപ് ഗണ്‍ എന്ന വീഡിയോ ഗെയിം, ഓഡിജംഗി, വിഡിജംഗി തുടങ്ങിയ സംഗീത ഓഡിയോ-വീഡിയോ ആപ്പുകള്‍,ടോക്കിങ് ഫ്രോഗ് ആപ്പ് തുടങ്ങിയവയില്‍ മാല്‍വെയറുകളെ കടത്തിവിട്ടാണ് ഇവ ഉപയോഗിക്കുന്നവരുടെ ഉപകരണങ്ങളില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നത്. 2013-16 കാലത്ത് ഏഴ് മുന്‍ സൈനികര്‍ ഐഎസ്‌ഐക്കു വേണ്ടി ചാരവൃത്തി നടത്തിയതായും സർക്കാർ കണ്ടെത്തിയിട്ടുണ്ട്. 

ഇത്തരം നീക്കങ്ങളെ തടയുന്നതിന് എല്ലാ മന്ത്രാലയങ്ങള്‍ക്കും കമ്പ്യൂട്ടര്‍ സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങളും സുരക്ഷാ മുന്നറിയിപ്പുകളും നല്‍കിയതായും ചൗധരി വ്യക്തമാക്കി. സിസിടിവി കാമറകള്‍, ബയോമെട്രിക് സംവിധാനങ്ങള്‍ തുടങ്ങിയവ അടക്കം സൈബര്‍ ആക്രമണങ്ങള്‍ കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനുമുള്ള മാര്‍ഗങ്ങള്‍ അവലംബിച്ചിട്ടുണ്ടെന്നും അദ്ദേഹം പാര്‍ലമെന്റില്‍ വ്യക്തമാക്കി.