ന്യൂഡല്‍ഹി: ആഗോള തലത്തില്‍ പാകിസ്താന് വീണ്ടും സാമ്പത്തിക ആഘാതമുണ്ടാക്കുന്ന നീക്കവുമായി ഇന്ത്യ. ബസ്മതി അരിക്ക് ഭൗമ സൂചികാ പദവി സ്ഥാപിച്ച് കിട്ടുന്നതിനുള്ള നീക്കമാണ് ഇന്ത്യ നടത്തുന്നത്. ഇതിനായി ഇന്ത്യ യൂറോപ്യന്‍ യൂണിയനെ സമീപിച്ചുകഴിഞ്ഞു. 

ബസ്മതി അരിയുടെ ജന്മദേശം ഇന്ത്യയിലാണെന്നാണ് ഇന്ത്യ സെപ്റ്റംബര്‍ 11ന് യൂറോപ്യന്‍ യൂണിയനില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ അവകാശപ്പെടുന്നത്. ഇതനുസരിച്ച് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രത്യേക പ്രദേശത്ത് ഉത്പാദിപ്പിക്കുന്ന സുഗന്ധമുള്ള പ്രത്യേകതരം നീളമുള്ള അരിയാണ് ബസ്മതിയെന്ന് ഇന്ത്യ അവകാശപ്പെടുന്നു. ഉത്തരേന്ത്യയില്‍ ഹിമാലയന്‍ താഴ്‌വരയുള്‍പ്പെടുന്ന ഇന്തോ- ഗംഗ സമതലത്തിന്റെ ഭാഗമാണ് ഈ പ്രദേശമെന്നും യൂറോപ്യന്‍ യൂണിയന് നല്‍കിയ അപേക്ഷയില്‍ വിശദമാക്കുന്നു.

പഞ്ചാബ്, ഹരിയാണ, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്,  ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഈ നെല്ലിനം കൃഷിചെയ്യുന്നുണ്ടെന്ന് ഇന്ത്യ വിശദീകരിക്കുന്നു. 

ഇന്ത്യയുടെ അപേക്ഷ അംഗീകരിച്ച് ബസ്മതി അരിക്ക് ഭൗമ സൂചിക പദവി ലഭിച്ചാല്‍ പാകിസ്താനിലെ ബസ്മതി കയറ്റുമതിയെ ആകും ഗുരുതരമായി ബാധിക്കുക. യൂറോപ്യന്‍ യൂണിയനിലുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പാകിസ്താനും ബസ്മതി അരി നിലവില്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

ഈ വര്‍ഷം മാര്‍ച്ചില്‍ ഭൗമ സൂചിക നിയമം പാകിസ്താന്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നുവെങ്കിലും അത് ഇതുവരെ നടപ്പിലാക്കിയിരുന്നില്ല. അതിനാല്‍ യൂറോപ്യന്‍ യൂണിയനില്‍ എതിര്‍പ്പ് അറിയിക്കാന്‍ പാകിസ്താന് സാങ്കേതിക തടസങ്ങളുണ്ട്. ഇന്ത്യയുടെ നീക്കത്തിനെതിരെ പാകിസ്താന്‍ യൂറോപ്യന്‍ യൂണിയനില്‍ എതിര്‍പ്പ് ഉന്നയിക്കണമെന്നാണ് അവിടെയുള്ള കയറ്റുമതിക്കാരുടെ ആവശ്യം.

കാലങ്ങളായി ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചെങ്കിലും പാക് ഭരണകൂടം അത് ചെവിക്കൊള്ളാതിരുന്നതിന്റെ ഫലമാണ് ഇപ്പോഴത്തെ തിരിച്ചടി. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ തങ്ങളുടെ അരി ഇന്ത്യന്‍ ബ്രാന്‍ഡില്‍ വില്‍ക്കുകയേ നിവൃത്തിയുള്ളുവെന്ന് അവര്‍ പറയുന്നു.

ഇന്ത്യ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ മൂന്നുമാസത്തിനുള്ളില്‍ എതിര്‍പ്പറിയിച്ചിരിക്കണമെന്നാണ് നിയമം.

Content Highlights: Pakistan risks Basmati export as India applies GI tag in EU