ന്യൂഡല്‍ഹി: പാകിസ്താനില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരെ പാകിസ്താന്‍ പോലീസ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇവരെ പാകിസ്താന്‍ കസ്റ്റഡിയില്‍ എടുത്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇസ്ലമാബാദ് സെക്രട്ടേറിയറ്റ് പോലീസ് സ്‌റ്റേഷനില്‍ വെച്ചാണ് ഇരുവരെയും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച രാവിലെയാണ് ഇന്ത്യന്‍ എംബസി ഡ്രൈവറെയും സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെയും കാണാതായത്. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കും. ഇരുവര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീവനക്കാരെ കാണാതായി ഏഴുമണിക്കൂറോളം കഴിഞ്ഞാണ് ഇരുവരെയും വാഹനാപകടക്കേസില്‍ അറസ്റ്റ് ചെയ്തതായി പാകിസ്താന്‍ പ്രതികരിച്ചത്.

ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ഒരു വാഹനം അപകടത്തില്‍പ്പെട്ടുവെന്നും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ പോലീസ് പിടികൂടിയതായും പോലീസിനെ ഉദ്ധരിച്ച് പാകിസ്താന്‍ വാര്‍ത്താചാനലായ സമാ ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പാകിസ്താന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ ഇന്ത്യയിലെ പാകിസ്താന്‍ എംബസിയിലെ പ്രതിനിധിയെ ആഭ്യന്തര മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.

content highlights: pakistan releases indian high commission staffers