ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ ആക്രമണം നടത്താനായി അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന താലിബാന്‍ ഭീകര ക്യാമ്പുകള്‍ പാകിസ്താന്‍ സജ്ജമാക്കിയതായി റിപ്പോര്‍ട്ടുകള്‍. അഫ്ഗാന്‍ സുരക്ഷാ ഏജന്‍സികള്‍ പിടികൂടിയ ജെയ്‌ഷെ മുഹമ്മദ് ഭീകരനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. കശ്മീര്‍, അഫ്ഗാനിസ്താനിലുള്ള ഇന്ത്യയുടെ നിക്ഷേപങ്ങള്‍ എന്നിവയാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്നാണ് വിവരം.
പിടിയിലായ ഭീകരന് പാകിസ്താനില്‍ നാലുമാസത്തെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. താലിബാന്‍ ഭീകരരെ ഉപയോഗിച്ച് കശ്മീരില്‍ പാകിസ്താന്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നുവെന്ന് ഇന്ത്യന്‍ ഏജന്‍സികള്‍ നേരത്തെ സംശയം ഉയര്‍ത്തിയിരുന്നു. അഫ്ഗാനിസ്താന്റെ പിടിയിലായ ജെയ്‌ഷെ ഭീകരന്റെ വെളിപ്പെടുത്തലോടെ പാക് നീക്കം പുറത്താവുകയായിരുന്നു.
നങ്ഗര്‍ഹര്‍ പ്രവിശ്യയില്‍ അഫ്ഗാന്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏപ്രില്‍ 13-ന് ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഏറ്റുമുട്ടലില്‍ 15 ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇവരുടെ പക്കല്‍നിന്ന് വന്‍തോതില്‍ ആയുധങ്ങളും പിടികൂടി. എന്നാല്‍ സുരക്ഷാ ഏജന്‍സികളെ ഞെട്ടിച്ചത് ഇതൊന്നുമല്ല. കൊല്ലപ്പെട്ട 15 പേരില്‍ അഞ്ചു പേര്‍ മാത്രമായിരുന്നു താലിബാന്‍ ഭീകരര്‍. മറ്റുള്ളവരെല്ലാം ജെയ്‌ഷെ മുഹമ്മദിന്റെ ആളുകളായിരുന്നു.
ഇതാണ് ഇന്ത്യന്‍ ഏജന്‍സികളെ ആശങ്കപ്പെടുത്തുന്നത്. താലിബാനൊപ്പമുള്ളത് അമേരിക്കന്‍ സേനയെ നേരിട്ട പരിചയമുള്ള ഭീകരരാണ് അധികവും. ജെയ്‌ഷെയ്‌ക്കൊപ്പം അവര്‍ കൂടി കൈകോര്‍ത്താല്‍ കശ്മീരിലേക്ക് ഇവര്‍ നുഴഞ്ഞുകയറിയെത്തിയേക്കാം. നിയന്ത്രണ രേഖയ്ക്ക് സമീപം ജെയ്‌ഷെ ക്യാമ്പുകള്‍ വീണ്ടും പ്രവര്‍ത്തിക്കുന്നത് ഇന്ത്യയുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഇവയില്‍ ഉള്ള പലരും താലിബാന്റെ പക്കല്‍നിന്ന് പരിശീലനം ലഭിച്ചവരാണെന്നാണ് വിവരം.
സമാധാന കരാറിന്റെ ഭാഗമായി അഫ്ഗാനില്‍നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറുന്ന ഘട്ടത്തില്‍ അവിടെ മേല്‍ക്കൈ നേടുകയെന്നതാണ് പാകിസ്താന്റെ തന്ത്രം. നിലവിലെ ഭരണകൂടത്തിന് അഫ്ഗാനിലെ പല പ്രവിശ്യകളിലും സ്വാധീനമില്ല. ഇതാണ് പാകിസ്താന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍.
Content Highlights: Pakistan reactivates Taliban terror camps to launch attacks in Kashmir
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..