ഛണ്ഡിഗഢ്: കര്‍ഷക സമരം തുടങ്ങിയതിന് ശേഷം പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ആയുധ, മയക്കുമരുന്ന്‌ കടത്ത് വര്‍ധിച്ചുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. പഞ്ചാബില്‍ അസ്വസ്തതകളുണ്ടാക്കാനാണ് പാകിസ്താന്റെ ശ്രമമെന്നും അമരീന്ദര്‍ സിങ് ആരോപിച്ചു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഡ്രോണുകള്‍ വഴിയാണ് പഞ്ചാബിലേക്കുള്ള പാകിസ്താന്റെ ആയുധക്കടത്ത്. കര്‍ഷക സമരം ആരംഭിച്ചതിന് ശേഷം ഡ്രോൺ വഴിയുള്ള വിതരണം വര്‍ധിച്ചു. പണം, ഹെറോയിന്‍ എന്നിവയും പാകിസ്താന്‍ ഇന്ത്യയിലേക്ക് കടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നവംബറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ പഞ്ചാബില്‍ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള പാക് ശ്രമത്തെക്കുറിച്ചുള്ള ആശങ്കകകള്‍ അദ്ദേഹത്തെ ധരിപ്പിച്ചിരുന്നുവെന്നും അമരീന്ദര്‍ വ്യക്തമാക്കി. 

അസ്വസ്തതകള്‍ നിറഞ്ഞ പഞ്ചാബാണ് പാകിസ്താന്‍ നയത്തിന് അനുയോജ്യം. ഇതിനായി സംസ്ഥാനത്ത് സ്ലീപ്പര്‍ സെല്ലുകളുണ്ടെന്നും അവര്‍ക്ക് സജീവമാകാന്‍ സാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

ചൈനയും പാകിസ്താനും ഇന്ത്യയ്‌ക്കെതിരായി ഒന്നിച്ച് പ്രവര്‍ത്തിക്കും. കാര്‍ഷിക നിയമങ്ങളില്‍ ആശങ്കപ്പെടുന്ന കര്‍ഷകരുള്ള പ്രദേശത്തുനിന്നാണ് രാജ്യത്തെ 20 ശതമാനത്തോളം സൈനികരും. അതിനാല്‍ സൈനികരുടെ മനോവീര്യം തകരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു 

content highlights: Pakistan pushing weapons, drugs into India: Punjab CM Amarinder Singh alerts Centre; demands probe