ന്യൂഡല്‍ഹി: ഷാങ്ഹായി കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയിലേക്ക് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഇന്ത്യ ക്ഷണിക്കും. ഈ വര്‍ഷം ന്യൂഡല്‍ഹിയാണ് ഉച്ചകോടിക്ക് വേദിയാകുന്നത്. ഉച്ചകോടിയില്‍ ആകെയുള്ള എട്ട് അംഗ രാജ്യങ്ങളേയും നാല് നിരീക്ഷകരേയും ക്ഷണിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

'ഈ വര്‍ഷം അവസാനത്തില്‍ ഇന്ത്യ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും. നടപടിക്രമമനുസരിച്ച് എട്ട് അംഗങ്ങളേയും നാല് നിരീക്ഷകരേയും മറ്റു അന്താരാഷ്ട്ര സംഭാഷണ പങ്കാളികളേയും ക്ഷണിക്കും- വിദേശകാര്യ മന്ത്രാലയ വാക്താവ് രവീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ചൈനയുടെ നേതൃത്വത്തിലുള്ള എട്ടംഗ സാമ്പത്തിക-സുരക്ഷാ കൂട്ടായ്മയാണ് എസ്.സി.ഒ. 2017-ലാണ് ഇന്ത്യയേയും പാകിസ്താനേയും ഈ കൂട്ടായ്മയില്‍ ഉള്‍പ്പെടുത്തിയത്. ചൈന, ഇന്ത്യ, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, പാകിസ്താന്‍, താജികിസ്ഥാന്‍, ഉസ്‌ബെകിസ്താന്‍ എന്നീ രാജ്യങ്ങളാണ് ഇതിലെ സ്ഥിരാംഗങ്ങള്‍. അഫ്ഗാനിസ്ഥാന്‍, ഇറാന്‍, മംഗോളിയ, ബെലാറസ് എന്നിവര്‍ നിരീക്ഷക രാജ്യങ്ങളുമാണ്.

Content Highlights: Pakistan PM Imran Khan To Be Invited To India For Regional Summit SCO