ഇസ്ലാമാബാദ്: കര്‍ത്താപുര്‍ ഇടനാഴി വഴി പാക് പഞ്ചാബിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയിലേക്ക് വരുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കര്‍ത്താപുര്‍ ഇടനാഴിയുടെ ഉദ്ഘാടന ദിവസം ഫീസ് ഈടാക്കില്ല, പാസ്‌പോര്‍ട്ട് വേണ്ട, 10 ദിവസം മുമ്പേ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല തുടങ്ങിയ വാഗ്ദാനങ്ങളാണ് ഇമ്രാന്‍ ഖാന്‍ നല്‍കിയിരിക്കുന്നത്. ട്വിറ്ററിലൂടെയായരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഈ മാസം ഒമ്പതിനാണ് കര്‍ത്താപുര്‍ ഇടനാഴിയുടെ ഉദ്ഘാടനം.

'ഇന്ത്യയില്‍ നിന്ന് കര്‍ത്താപുരിലേക്ക് വരുന്ന സിഖുകാര്‍ക്ക് ഞാന്‍ രണ്ട് നിബന്ധനകള്‍ ഒഴിവാക്കിയിരിക്കുന്നു. അവര്‍ക്ക് പാസ്‌പോര്‍ട്ട് വേണ്ട എന്നതാണ് ഒന്നാമത്തേത്. പകരം നിയമസാധുതയുള്ള ഏതെങ്കിലും ഐഡി കാര്‍ഡ് മതി. പത്ത് ദിവസം മുമ്പേ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നാണ് രണ്ടാമത്തേത്. കൂടാതെ ഉദ്ഘാടന ദിവസവും ഗുരുജിയുടെ 550-ാം ജന്മദിനത്തിലും തീര്‍ത്ഥാടകര്‍ക്ക് ഒരു ഫീസും ഈടാക്കില്ല'- ഇമ്രാന്‍ ഖാന്റെ ട്വീറ്റില്‍ പറയുന്നു.

പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ഗുരുനാനാക്ക് ദേരയെ പാകിസ്താനിലെ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് കര്‍ത്താര്‍പുര്‍ ഇടനാഴി. പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ ഒമ്പതിന് ഗുരുദാസ്പൂരിലെ ഇടനാഴി ഉദ്ഘാടനം ചെയ്യും. ഇമ്രാന്‍ഖാന്‍ മറ്റേ അറ്റത്ത് നിന്ന് തുറന്നുകൊടുക്കും.

Content Highlights: Pakistan PM Imran Khan Says No Fee For Indian Sikhs On Kartarpur Corridor Opening Day