ശ്രീനഗര്‍: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടെ ഭീകരരെ കശ്മീരിലേക്ക് കടത്തിവിടാന്‍ പാകിസ്താന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. നിയന്ത്രണരേഖയിലൂടെ നാനൂറോളം ഭീകരരെ ഇന്ത്യന്‍ മണ്ണിലേക്ക് അയക്കാനാണ് പാക് ശ്രമമെന്ന് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യ-ചൈന സംഘര്‍ഷം നിലനില്‍ക്കുന്ന അവസരം മുതലാക്കിയാണ് പാക്‌ സൈന്യത്തിന്റെ ഈ നീക്കം. നിലവില്‍ ഭീകരര്‍ നിയന്ത്രണരേഖയിലെ വിവിധ ഭാഗങ്ങളില്‍ സംഘങ്ങളായി തമ്പടിച്ചിരിക്കുകയാണെന്നും നിയന്ത്രണരേഖ കടക്കാന്‍ ഇവരെ സഹായിക്കണമെന്ന് പാക് സൈന്യത്തിന് നിര്‍ദേശമുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

നിരവധി തവണയാണ് പാക് സൈന്യത്തിന്റെ ഭാഗത്തുനിന്നും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടായിരിക്കുന്നത്. ഇതിലൂടെ ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ അവസരമൊരുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.

അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനികരെ ആക്രമിക്കാനായി പാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമിനെ രൂപീകരിച്ചതായും വിവരമുണ്ട്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പാക് സൈനിക താവളങ്ങളില്‍ ഭീകരരുടെ സാന്നിധ്യമുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന സുരക്ഷ ശക്തമാക്കി.

Content Highlights: Pakistan plans to infiltrate 400 terrorists in Jammu and Kashmir amid India-China border row: Report