ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി കശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപം ചൈനീസ് ഡ്രോണുകള്‍ വിന്യസിക്കാന്‍ പാകിസ്താന്‍ ശ്രമിക്കുന്നതായി വിവരങ്ങള്‍. ചൈനീസ് ഡ്രോണായ സെയ് ഹോങ്-4 ( സി.എച്ച്-4) ന്റെ നിരവധി യൂണിറ്റുകള്‍ക്ക് പാകിസ്താന്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ഡ്രോണുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് പാക് സൈന്യത്തിലെ ബ്രിഗേഡിയര്‍ മുഹമ്മദ് സഫര്‍ ഇഖ്ബാല്‍ എന്ന സൈനികോദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള 10 അംഗ സംഘം ചൈനയിലെത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എയ്‌റോസ്‌പേസ് ലോങ് മാര്‍ച്ച് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്പനി എന്ന ചൈനീസ് കമ്പനിയില്‍ നിന്നാണ് പാക് സൈന്യം ഡ്രോണുകള്‍ വാങ്ങുന്നത്. ഈ വര്‍ഷം തന്നെ ഡ്രോണുകള്‍ പാക് സൈന്യത്തിന്റെ പക്കല്‍ ലഭ്യമായി തുടങ്ങുമെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്.
സി.എച്ച് -4 ഡ്രോണുകള്‍ക്ക് കുറഞ്ഞത് 1,300 കിലോയോളം ഭാരമുള്ള പേലോഡുകള്‍ വഹിക്കാന്‍ സാധിക്കും. ഇറാഖ്, ജോര്‍ദാന്‍ സൈന്യങ്ങള്‍ നിലവില്‍ ഈ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്.
അതേസമയം, അഫ്ഗാനിസ്താനിലെ രഹസ്യകേന്ദ്രത്തില്‍ വെച്ച് പാക് സൈന്യം താലിബാന്‍ ഭീകരര്‍ക്ക് പ്രത്യേക ആയുധ പരിശീലനം നല്‍കുന്നുണ്ടെന്നാണ് വിവരം. ജമ്മുകശ്മീരിലെ സുരക്ഷാ സേനാംഗള്‍ക്കെതിരായ ആക്രമണത്തില്‍ ഇത്തരത്തില്‍ പരിശീലനം നല്‍കിയവരെ പാക് സൈന്യം ഉപയോഗിച്ചേക്കുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്.
Content Highlights: Pakistan may deploy Chinese UAVs at LoC to create unrest in Jammu and Kashmir