ന്യൂഡൽഹി: പാകിസ്താന്‍കാരനെ തോക്കിന്‍ മുനയില്‍ നിന്ന് വിവാഹം കഴിക്കേണ്ടി വന്ന ഉസ്മ അഹമ്മദ് കഠിന യാതനകള്‍ക്കൊടുവില്‍ ഇന്ത്യയിലേക്ക് മടങ്ങിയപ്പോള്‍ ആദ്യം പറഞ്ഞതിതാണ്, 'പാകിസ്താന്‍ ഒരു മരണക്കിണറാണ്. അവിടേക്ക് പോകാൻ എളുപ്പമാണ്, പക്ഷെ അവിടെ നിന്ന് മടങ്ങുക എന്നത് അസാധ്യവും'.

'സ്ത്രീകളെന്നല്ല പുരുഷുന്മാര്‍ക്ക് പോലും അവിടെ സുരക്ഷിതരല്ല.വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹ ശേഷം പാകിസ്താനിലേക്ക് പോകുന്ന പെണ്‍കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ പാകിസ്താനിലെ ജീവിതം ദുസ്സഹമാണ്. കൊടിയ യാതനകള്‍ക്ക് വിധേയമായാണ് അവര്‍ അവിടെ കഴിയുന്നത്. അവിടെ പല വീടുകളിലും രണ്ടും മൂന്നും നാലും ഭാര്യമാര്‍ വരെയുണ്ട്'.സുഷമാ സ്വരാജിനോടൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെ ഉസ്മ വിങ്ങിക്കൊണ്ടാണ് പലതും പറഞ്ഞു നിര്‍ത്തിയത്.

വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിന്റെ സഹായത്തോടെ വാഗാ അതിര്‍ത്തി കടന്നാണ് ഉസ്മ ഇന്ത്യയിലേക്ക് മടങ്ങിയത്. 

uzma

'അല്‍പ ദിവസം കൂടി പാകിസ്താനില്‍ കഴിയേണ്ടി വന്നിരുന്നെങ്കില്‍ ഞാനവിടെ വെച്ച് മരണപ്പെട്ടേനെ. ഫിലിപ്പീന്‍സ്, മലേഷ്യ പോലെയുള്ള കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിൽ നിന്ന് പെണ്‍കുട്ടികളെ ഇരയിട്ട് പിടിച്ച് കൊണ്ട് പോവുകയാണവര്‍. എന്നെപ്പോലെ ആ കെണിയില്‍ പെട്ട അനേകം സ്ത്രീകളുണ്ടവിടെ'. ഉസ്മ പറയുന്നു.

Read more ഇന്ത്യയുടെ പുത്രിക്ക് സ്വാഗതം, പാകിസ്താനില്‍ നിന്ന് ഉസ്മ തിരിച്ചെത്തി......

തന്നെ രക്ഷിക്കാന്‍ നടപടി സ്വീകരിച്ച ഇന്ത്യന്‍ ഹൈക്കമ്മീഷനോടും വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിനോടും അവര്‍ തന്റെ നന്ദി അറിയിച്ചു. തനിക്ക് ഇനിയും ജീവിക്കാനുള്ള പ്രതീക്ഷ നല്‍കിയവരാണവരെന്നും ഉസ്മ പറഞ്ഞു.

ഉസ്മയെ ഇന്ത്യയുടെ മകളെന്ന് വിളിച്ച് സുഷമ സ്വരാജ് അവരുടെ മടക്കത്തിനായി സഹകരിച്ച പാകിസ്താന്‍ ജുഡീഷ്യറിക്കും മറ്റ് സന്നദ്ധ സംഘങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തി.

uzma

ന്യൂഡല്‍ഹി സ്വദേശിയായ ഉസ്മ 20 വയസ്സുള്ളപ്പോഴാണ് പാകിസ്താന്‍ സ്വദേശിയായ താഹിര്‍ അലിയുമായി സ്‌നേഹത്തിലാവുന്നത്. മലേഷ്യയില്‍ വെച്ചാണ് താഹിറിനെ ഉസ്മ കണ്ടുമുട്ടുന്നത്.

പാകിസ്താന്‍ സന്ദര്‍ശിച്ച തന്നെ നിര്‍ബന്ധിച്ചാണ് താഹിര്‍ വിവാഹം ചെയ്തതെന്ന് ഇസ്ലാമബാദ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഭര്‍ത്താവായ താഹിര്‍ തന്നെ ദ്രോഹിച്ചിരുന്നുവെന്നും യാത്രാരേഖകള്‍ പിടിച്ചുവെച്ചുവെന്നും കോടതിയോട് ഉസ്മ പറഞ്ഞിരുന്നു. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് മെയ് 12നാണ് അവര്‍ കോടതിയെ അറിയിച്ചത്.