ന്യൂഡല്‍ഹി: ജമ്മു കശ്മീരിനും പഞ്ചാബിനും പുറമേ പാകിസ്താന്‍ തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ കൂടുതല്‍ വഴികള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ഗുജറാത്ത്, രാജസ്ഥാന്‍ അതിര്‍ത്തികള്‍ വഴി പാക് തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചതായാണ് ബി.എസ്.എഫിന്റെ റിപ്പോര്‍ട്ട്. ഈവര്‍ഷം നുഴഞ്ഞുകയറ്റങ്ങളുടെ എണ്ണം വര്‍ധിച്ചതായും ബി.എസ്.എഫ്. റിപ്പോര്‍ട്ട് പറയുന്നു. 

കഴിഞ്ഞ വര്‍ഷം നവംബര്‍ ആദ്യവാരം വരെ ഗുജറാത്ത്, രാജസ്ഥാന്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറ്റങ്ങളൊന്നും ബി.എസ്.എഫ്. രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഗുജറാത്ത്, രാജസ്ഥാന്‍ അതിര്‍ത്തി വഴിയുള്ള പാക് തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ബി.എസ്.എഫ്. രേഖപ്പെടുത്തിയിട്ടുണ്ട്. 

തീവ്രവാദികളെ ഇന്ത്യയിലേയ്ക്ക് അയക്കാന്‍ പാകിസ്താന്‍ മറ്റു വഴികള്‍ തേടുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ കര്‍ശന ജാഗ്രത പാലിക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തുന്നുണ്ടെന്നും ബി.എസ്.എഫ്. വൃത്തങ്ങള്‍ അറിയിച്ചു. 

ഈ വര്‍ഷം ഗുജറാത്ത്, രാജസ്ഥാന്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടന്നുവെന്നും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത്തരം ശ്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നും മുതിര്‍ന്ന ബി.എസ്.എഫ്. ഉദ്യോഗസ്ഥന്‍ പറഞ്ഞു. കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് അതിര്‍ത്തി വഴി ഈവര്‍ഷം നവംബര്‍ ആദ്യവാരം വരെ 11 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടന്നുവെന്നും ബി.എസ്.എഫ്. അറിയിച്ചു. 

ഈ വര്‍ഷം നവംബര്‍ 22 ന് നാല് ജെയ്ഷേ ഭീകരര്‍ നുഴഞ്ഞു കയറാന്‍ ഉപയോഗിച്ചതായി സംശയിക്കുന്ന 150 മീറ്റര്‍ നീളമുള്ള ഭൂഗര്‍ഭ തുരങ്കം സാംബ ജില്ലയിയില്‍ അതിര്‍ത്തിക്ക് സമീപം ബി.എസ്.എഫ്. കണ്ടെത്തിയിരുന്നു. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ നഗ്രോടയ്ക്ക് സമീപം നടന്ന ഏറ്റുമുട്ടലിനെക്കുറിച്ചുള്ള അന്വേഷണത്തെ തുടര്‍ന്നാണ് ബിഎസ്എഫും കശ്മീര്‍ പോലീസും തുരങ്കം കണ്ടെത്തിയത്.

Content Highlights: Pakistan explored Rajasthan, Gujarat borders extensively in 2020 for infiltration: Report