ന്യൂഡല്‍ഹി: കോവിഡിന്റെ മറവില്‍ പാകിസ്താന്‍ 4000-ത്തിലധികം തീവ്രവാദികളെ ലിസ്റ്റില്‍നിന്ന് ഒഴിവാക്കി നല്‍കിയെന്നും പാക് അധീന കശ്മീരിലെ തദ്ദേശീയരുടെ ജനസംഖ്യയെ അട്ടിമറിച്ചുവെന്നും യു.എന്നില്‍ ഇന്ത്യ. 75-ാമത് ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ കശ്മീര്‍ പ്രശ്‌നം വീണ്ടും ഉന്നയിച്ച പാകിസ്താന് മറുപടി നല്‍കികൊണ്ടായിരുന്നു ഇന്ത്യയുടെ പ്രസ്താവന.
'ഇന്ത്യക്കെതിരായി അതിര്‍ത്തിയില്‍ ഭീകരത നിലനിര്‍ത്തുന്നതിനായി ലഡാക്ക്, ജമ്മുകശ്മീര്‍ എന്നിവടങ്ങളിലായി അധിനിവേശ ഭാഗങ്ങളില്‍ പാകിസ്താന്‍ പൂര്‍ണ്ണതോതിലുള്ള പരിശീലന കേന്ദ്രങ്ങളും തീവ്രവാദ ക്യാമ്പുകളും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.' യു.എന്നില്‍ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി പവന്‍ ബാദെ പറഞ്ഞു.
ലോകം കോവിഡ് മഹാമാരിയെ നേരിടുന്ന തിരക്കിലായിരിക്കുമ്പോള്‍ പാകിസ്താന്‍ ഭീകര ആവാസവ്യവസ്ഥയെ നിലനിര്‍ത്താന്‍ നിരോധിച്ച 4000-ത്തിലധികം തീവ്രവാദികളെ ലിസ്റ്റില്‍നിന്ന് ഒഴിവാക്കികൊണ്ട് ലോകത്തെ വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അധിനിവേശ കാശ്മീരില്‍ വിവേചനങ്ങളിലൂടെ പുറത്ത് നിന്നുള്ളവരെ കൊണ്ടുവന്ന് തദ്ദേശീയരുടെ ജനസംഖ്യ അട്ടിമറിക്കാന്‍ പാകിസ്താന്‍ ശ്രമിക്കുന്നു. മേഖലയിലിപ്പോള്‍ നാല് പേരില്‍ മൂന്ന് പേര്‍ പുറത്ത് നിന്നുള്ളവരാണ്. ന്യനപക്ഷങ്ങളുടെ ശബ്ദം പാകിസ്താന്‍ അടിച്ചമര്‍ത്തുകയാണെന്നും ഇക്കാര്യം നിരവധി അന്താരാഷ്ട്ര സംഘടനകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ ആരോപിച്ചു.
യു.എന്‍. പൊതുസഭയില്‍ കശ്മീര്‍ വിഷയത്തെ പരാമര്‍ശിച്ചുകൊണ്ട് ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മറുപടിയായിട്ടായിരുന്നു പ്രസ്താവന. അന്താരാഷ്ട്ര നിയമസാധുതകളുടെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍ തര്‍ക്കം പരിഹരിക്കുന്നതുവരെ ദക്ഷിണേഷ്യയില്‍ സമാധാനവും സുസ്ഥിരതയും ഉണ്ടാകില്ലെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.
Content Highlights: Pakistan Delisted 4,000 Terrorists in Shadow of Covid-19, Has Changed PoK Demography: India Tells UN