ബാറ്ററിയുടെ വെളിച്ചത്തിൽ കടപ്രവർത്തിക്കുന്ന ഉടമ, ഇസ്ലാമാബാദിൽ നിന്നുള്ള ദൃശ്യം | Photo: AP
ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ രാജ്യത്ത് ചെലവു ചുരുക്കൽ പദ്ധതികളവതരിപ്പിച്ച് പാകിസ്താൻ. ചെലവ് ചുരുക്കലിന്റെ ഭാഗമായി സർക്കാർ എം.പിമാരുടെ ശമ്പളം വെട്ടിക്കുന്നതടക്കമുള്ള തീരുമാനമാണ് കൈകൊണ്ടത്.
അതേസമയം പ്രതിസന്ധി പരിഹരിക്കാനാവശ്യമായ സഹായത്തിന് അമേരിക്കയോട് പാക് സർക്കാർ സഹായമഭ്യർഥിച്ചിട്ടുണ്ട്.
ചെലവുചുരുക്കലിന്റെ ഭാഗമായി സർക്കാർ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ
- വൈദ്യുതി, പ്രകൃതിവാതക വിലവർധിപ്പിക്കും
- 15 ശതമാനത്തോളം ശമ്പളം എം.പിമാരുടേതിൽ നിന്ന് വെട്ടിക്കുറക്കും.
- സൈന്യത്തിനും സർക്കാർ ഉദ്യോഗസ്ഥർക്കും അനുവദിച്ച ഭൂമി വീണ്ടെടുക്കും.
- എം.പിമാരുടെ വിവേചനാധികാര പദ്ധതികൾ വെട്ടിച്ചുരുക്കും.
- ഇന്റലിജൻസ് ഏജൻസികൾക്ക് ഫണ്ടിങ്ങിനുള്ള വിവേചനാധികാരം വെട്ടിച്ചുരുക്കും.
- വാതക/ വൈദ്യുതി നിരക്ക് പ്രീപെയ്ഡ് മീറ്ററുകളിലേക്ക് മാറും.
- ശമ്പളത്തോടൊപ്പം നൽകുന്ന അലവൻസുകൾ നിർത്തലാക്കും.
- എല്ലാ മേഖലകളിലും 30 ശതമാനത്തോളം പെട്രോൾ ഉപയോഗം കുറക്കും.
- വിദേശ സന്ദർശനങ്ങൾക്ക് വിലക്കേർപ്പെടുത്തും.
- ആഢംബര വാഹനങ്ങൾ വാങ്ങിക്കുന്നതിന് വിലക്കേർപ്പെടുത്തും.
വൈദ്യുതിവിതരണശൃംഖലയിലുണ്ടായ തകരാറുമൂലം തിങ്കളാഴ്ച പാകിസ്താനിലെമ്പാടും വൈദ്യുതി മുടങ്ങിയിരുന്നു. 22 കോടിയിലേറെപ്പേരാണ് ദുരിതത്തിലായത്.
കടുത്തസാമ്പത്തികപ്രതിസന്ധി നേരിടുന്ന പാകിസ്താൻ, വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ചന്തകളും ഷോപ്പിങ് മാളുകളും എട്ടരയ്ക്ക് അടയ്ക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ കഴിഞ്ഞമാസം നടപ്പാക്കിയിരുന്നു. അതിനിടെയാണ് പ്രതിസന്ധി. 12 മണിക്കൂറിനുള്ളിൽ എല്ലായിടത്തും വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുമെന്ന് ഊർജമന്ത്രി ഖുറം ദസ്തഗിർ പറഞ്ഞു. ഇസ്‌ലാമാബാദിന്റെയും പെഷാവറിന്റെയും ചിലഭാഗങ്ങളിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.
മഞ്ഞുകാലത്ത് വൈദ്യുതി ഉപയോഗം കുറവായതിനാൽ ഉപഭോഗം കുറയ്ക്കാൻ രാത്രി അധികൃതർ ഉത്പാദനസംവിധാനം ഓഫ് ചെയ്തിരുന്നു. രാവിലെ ഓൺചെയ്തപ്പോഴാണ് ഡാഡുവിനും ജംഷോറോയ്ക്കുമിടയിലുള്ള ഭാഗത്ത് വോൾട്ടേജ് പ്രശ്നം കണ്ടെത്തിയത്. ഇതോടെ വൈദ്യുതോത്പാദന, വിതരണ യൂണിറ്റുകൾ ഓരോന്നായി അടയ്ക്കുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു.
Content Highlights: Pakistan Crisis Response Plans
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..