ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം പാക് വിമാനം വെടിവെച്ചിട്ടതായി റിപ്പോര്‍ട്ട്. അതിര്‍ത്തി ലംഘിച്ച എഫ്-16 വിമാനമാണ് ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ടത് എന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. നൗഷേര സെക്ടറിലെ ലാം വാലിയിലാണ് സംഭവം. 

പൈലറ്റ് പാരച്യൂട്ടില്‍ പറന്നിറങ്ങിയത് കണ്ടതായി റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 

നൗഷേര സെക്ടറില്‍ നേരത്തേ പാകിസ്താന്റെ രണ്ട് എഫ് 16 വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച രണ്ട് വിമാനങ്ങളേയും ഇന്ത്യന്‍ വ്യോമസേന തുരത്തി ഓടിക്കുകയായിരുന്നു. ഇതില്‍ ഒരു വിമാനമാണ് വെടിവെച്ചിട്ടത് എന്നാണ് സൂചന. അതിനിടെ രജൗരി സെക്ടറില്‍ പാകിസ്താന്‍ ബോംബ് വര്‍ഷിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു.

 

ഭീകരകേന്ദ്രങ്ങളില്‍ ആക്രമണമുണ്ടായതു മുതല്‍ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്താന്‍ ഗ്രാമീണരെ മറയാക്കി ഷെല്ലാക്രമണം തുടരുന്നുണ്ട്. 

Content highlights: Pakistan Air Force's F-16 that violated Indian air space shot down in Indian retaliatory fire