ന്യൂഡല്‍ഹി: തീവ്രവാദത്തെ ചെറുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കില്ലെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്). നാല്‍പതു സൈനികരുടെ മരണത്തിനിടയാക്കിയ പുല്‍വാമ തീവ്രവാദി ആക്രമണത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് എഫ്എടിഎഫിന്റെ തീരുമാനം. പാകിസ്താനെ ഗ്രേ ലിസ്റ്റില്‍നിന്ന് ഒഴിവാക്കരുതെന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടിരുന്നു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണമൊഴുകുന്നത് തടയുന്നതിന് പാകിസ്താന്‍ നടത്തിയ ശ്രമങ്ങള്‍ തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് നടപടി. ഇക്കാര്യത്തിലുള്ള പാകിസ്താന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ജൂണ്‍, ഒക്ടോബര്‍ മാസങ്ങളില്‍ വീണ്ടും വിലയിരുത്തുമെന്നും ലക്ഷ്യം നേടാനായിട്ടില്ലെന്നു വ്യക്തമായാല്‍ പാകിസ്താനെ ബ്ലാക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും എഫ്എടിഎഫ് വ്യക്തമാക്കി.

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണമൊഴുക്ക്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്ട്ര സംഘടനയാണ് എപ്എടിഎഫ്. 38 രാജ്യങ്ങള്‍ അംഗങ്ങളായുള്ള സംഘടനയുടെ യോഗം പാരീസില്‍ നടക്കുകയാണ്.

പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താനുള്ള പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ അടക്കമുള്ള ഫയല്‍ എഫ്എടിഎഫിന് സമര്‍പ്പിക്കുമെന്ന് കഴിഞ്ഞ ആഴ്ച ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാകിസ്താനിലെ ചില ഏജന്‍സികള്‍ വഴി പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഭീകര സംഘടനയായ ജയ്‌ഷെ ഇ മുഹമ്മദിന് പണം ലഭിച്ചിട്ടുണ്ടെന്ന കാര്യവും ഇതില്‍ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം പാരീസില്‍ നടന്ന പ്ലീനറി സമ്മേളനത്തിലാണ് പാകിസ്താനെ ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനമുണ്ടായത്. ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന രാജ്യത്തിന് അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികളില്‍നിന്ന് വായ്പ അടക്കമുള്ള സാമ്പത്തിക സഹായങ്ങള്‍ ലഭ്യമല്ലാത്ത സ്ഥിതിയുണ്ടാകും.

Content Highlights: Pakitan, Grey List, Kashmir, Terrorism, FATF, Pulwama terror attack, India