എൻ.ഐ.എ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു | Screengrab: മാതൃഭൂമി ന്യൂസ്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പാകിസ്താന് ഭീകരന് പിടിയില്‍. ലക്ഷ്മി നഗറിലെ രമേശ് പാര്ക്കിന് സമീപത്തുനിന്നാണ് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ ഭീകരനെ പിടികൂടിയത്. വ്യാജ ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് ഇയാള്‍ ഇന്ത്യയില്‍ താമസിച്ചിരുന്നത്. നവരാത്രി ദിനത്തില്‍ സ്ഫോടനം നടത്തലായിരുന്നു ഭീകരന്റെ ലക്ഷ്യം. ഗ്രനേഡുകളും എ.കെ 47 തോക്കുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇയാളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം കേരളത്തിലുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍.ഐ.എ പരിശോധന നടത്തുകയാണ്. ഉത്തരേന്ത്യയില്‍ മാത്രം 18 സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഡല്‍ഹി, യു.പി, കശ്മീര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും റെയ്ഡ് നടക്കുന്നത്. ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവരെ തേടിയാണ് ഉത്തരേന്ത്യയില്‍ റെയ്ഡ് നടക്കുന്നത്.ലഷ്കര്‍ ഇ ത്വയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ സംഘടനകള്‍ക്ക് സഹായം നല്കുന്നവരെയാണ് തേടുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്മീരില്‍ ഭീകരാക്രമണം വര്‍ധിച്ച് വരികയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് റെയ്ഡ്. ആളുകളെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും പുതിയ രീതിയാണ് വിവിധ സംഘടനകള്‍ ഇപ്പോള്‍ സ്വീകരിച്ച് വരുന്നത്. ഒരാളെ സ്ഥരമായി റിക്രൂട്ട് ചെയ്ത് സായുധ പരിശീലനം നല്‍കുന്നതിന് പകരം ആളുകളെ തിരഞ്ഞെടുത്ത് പ്രത്യേക ഓപ്പറേഷനുകള്‍ക്ക് മാത്രമായി ഉപയോഗിക്കുക എന്നതാണ് രീതി. കൃത്യം നിര്‍വഹിച്ച് കഴിഞ്ഞാല്‍ ഇവരില്‍ നിന്ന് ആയുധങ്ങള്‍ മടക്കി വാങ്ങി പറഞ്ഞുവിടുകയാണ് രീതി.
അതോടൊപ്പം തന്നെ മുന്ദ്ര തുറമുഖത്ത് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയതും എന്‍.ഐ.എ അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഈ കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തത്. എന്‍.സി.ബി ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഒരു ഉന്നതതല അവലോകന യോഗവും ഇന്ന് രാവിലെ ചേരുകയാണ്. തുറമുഖത്ത് എത്തിയ മയക്കുമരുന്നിന് പിന്നിലും ഭീകരരുടെ സാന്നിധ്യമുണ്ടെന്നാണ് വിലയിരുത്തല്‍.
അതേസമയം രാജ്യവ്യാപകമായി റെയ്ഡ് നടത്തുന്നതിന്റെ ഭാഗമായി കേരളത്തിലും തമിഴ്നാട്ടിലും എന്‍.ഐ.ഐ പരിശോധന പുരോഗമിക്കുകയാണ്. കേരളത്തില്‍ തൃശ്ശൂര്‍, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ്. മാവോയിസ്റ്റുകളെ തേടിയാണ് കേരളത്തിലും തമിഴ്നാട്ടിലും റെയ്ഡ് പുരോഗമിക്കുന്നത്. തമിഴ്നാട്ടില്‍ കോയമ്പത്തൂരിലാണ് റെയഡ് നടക്കുന്നത്. പുളിയങ്കുളം, സുങ്കം, പൊള്ളാച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന റെയ്ഡില്‍ കേരളത്തില്‍ പിടിയിലായ മാവോയിസ്റ്റ് നേതാവുമായി അടുത്ത ബന്ധമുള്ളവരെയാണ് തേടുന്നത്.
Content Highlights: Pak terrorist arrested in New delhi, nia conducts nation wide raid
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..