ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് അറസ്റ്റിലായ പാക് തീവ്രവാദി 13 വര്‍ഷമായി ഇന്ത്യയില്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് താമസിക്കുകയായിരുന്നുവെന്ന് പോലീസ്.  ഇയാളെ പിടികൂടിയതുവരെ പൂജാ ആഘോഷകാലത്ത് നടത്താന്‍ പദ്ധതിയിട്ടിരുന്ന വലിയ ഭീകരാക്രമണ പദ്ധതി തകര്‍ത്തെന്നും പോലീസ് അവകാശപ്പെട്ടു. 

പാക് ഐഎസിന്റെ നിര്‍ദേശപ്രകാരം ബംഗ്ലാദേശ് വഴിയാണ് മുഹമ്മദ് അഷ്‌റഫ് എന്ന ഭീകരന്‍ ഇന്ത്യയിലേക്ക് കടന്നത്. ഐഎസ് സ്ലീപ്പര്‍ സെല്ലിന്റെ ഭാഗമായി കഴിഞ്ഞ 13 വര്‍ഷമായി വ്യാജരേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കഴിയുകയായിരുന്നു. വരാനിരിക്കുന്ന പൂജ-നവരാത്രി ആഘോഷകാലത്ത് ഭീകരാക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നും ഡല്‍ഹി സ്‌പെഷല്‍ സെല്‍ ഡെപ്യൂട്ടി സൂപ്രണ്ട് പ്രമോദ് കുശ്‌വാഹ പറഞ്ഞു. മുഹമ്മദ് അഷ്‌റഫില്‍ നിന്ന് എ.കെ 47 തോക്കും 60 തിരകളും രണ്ട് പിസ്റ്റളുകളും അതിന്റെ 50 തിരകളും ഒരു ഗ്രനേഡും കണ്ടെടുത്തു. 

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള ആളാണ് മുഹമ്മദ് അഷ്‌റഫ്. ജമ്മു കശ്മീരിലെ തീവ്രവാദ ആക്രണമങ്ങളിലടക്കം ഇയാള്‍ക്ക് പങ്കുണ്ടായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്നുള്ള നിരീക്ഷണത്തില്‍ ഡല്‍ഹിയിലെ ലക്ഷ്മി നഗറില്‍ നിന്നാണ് സെപഷ്യല്‍ സെല്‍ ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാജരേഖകള്‍ ഉപയോഗിച്ച് ഇയാള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ ഉണ്ടാക്കിയിരുന്നു. ഇതുപയോഗിച്ച് ഇയാള്‍ തായ്‌ലന്‍ഡ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിരുന്നെന്നും പോലീസ് പറഞ്ഞു. 

Content Highlights: Pak Terrorist Arrested In Delhi, Was In Hiding For 13 Years