ശ്രീനഗര്‍: ജമ്മുവിലെ ഉറി സെക്ടറില്‍ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച ലക്ഷ്‌കര്‍-ഇ-ത്വയ്ബ ഭീകരനെ സൈന്യം വധിച്ചു. ഒരു ഭീകരനെ പിടികൂടിയതായി സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. 

പിടിയിലായ ഭീകരന്റെ പേര് അലി ബാബര്‍ പത്ര എന്നാണെന്നും ഇവര്‍ പാകിസ്താനിലെ പഞ്ചാബില്‍ നിന്നെത്തിയതാണെന്നും സൈന്യത്തിന്റെ വക്താവ് മേജര്‍ ജനറല്‍ വീരേന്ദ്ര വട്‌സ് വ്യക്തമാക്കി. 

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറിയ ഏഴ് പേരെയാണ് സൈന്യം കൊലപ്പെടുത്തിയത്. നിരവധി ഭീകരര്‍ പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്. പാകിസ്താന്‍ സൈന്യത്തിന്റെ സഹായമില്ലാതെ ഇത്രയും ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ സാധിക്കില്ലെന്നും മേജര്‍ കൂട്ടിച്ചേര്‍ത്തു. 

സെപ്തംബര്‍ പകുതിക്ക് ശേഷം ഉറി, രാംപുര്‍ സെക്ടറില്‍ മാത്രം നിരവധി നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ സൈന്യം പരാജയപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നോളം നുഴഞ്ഞുകയറ്റ ശ്രമങ്ങളെയാണ് സൈന്യം പ്രതിരോധിച്ചത്. 

Content Highlights: Pak Terrorist, 19, Captured, Another Killed During Infiltration Attempt