കുൽഭൂഷൺ ജാധവ്| File Photo: PTI
ഇസ്ലാമാബാദ്: അന്താരാഷ്ട്ര നീതി ന്യായ കോടതി(ഐ.സി.ജെ.)യുടെ റിവ്യൂ ആന്‍ഡ് റീകണ്‍സിഡെറേഷന്‍ ഓര്‍ഡിനന്‍സ് പാകിസ്താന് പാര്‍ലമെന്റ് അംഗീകരിച്ചതോടെ കുല്ഭൂഷണ് ജാധവ് കേസില്‍ ഇന്ത്യക്ക് പ്രതീക്ഷ. ഓര്‍ഡിനന്‍സ് പാക് പാര്‍ലമെന്റ് അംഗീകരിച്ച പശ്ചാത്തലത്തില്‍ ജാധവിന് ശിക്ഷാവിധിക്കെതിരെ ഹൈക്കോടതികളെ സമീപിക്കാനാവും. ചാരക്കേസില്‍ അറസ്റ്റിലായ കുല്ഭൂഷണ് ജാധവിന് 2017-ല്‍ സൈനിക കോടതി വധശിക്ഷ വിധിച്ചിരുന്നു.
ഇന്ത്യന്‍ നാവികസേനയില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ കുല്ഭൂഷണ്, 2016-ല്‍ ബലൂചിസ്താന്‍ പ്രവിശ്യയില്‍വെച്ചാണ് അറസ്റ്റിലാകുന്നത്.
അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ റിവ്യൂ ആന്‍ഡ് റീകണ്‍സിഡറേഷന്‍ ഓര്‍ഡിനന്‍സ് കഴിഞ്ഞ വര്‍ഷമാണ് ഇമ്രാന് ഖാന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വെച്ചത്. സൈനിക കോടതി വിധിക്കെതിരെ കുല്‍ഭൂഷണിന് അപ്പീല്‍ നല്കാന് അവസരം നല്കുന്ന ഓര്‍ഡിനന്‍സിനെ പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടി ചെയര്മാന് ബിലാവല്‍ അലി ഭൂട്ടോയും ഖ്വാജാ മുഹമ്മദ് ആസിഫും എതിര്‍ത്തിരുന്നു.
കുല്‍ഭൂഷണിന് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ, കോണ്‍സുലേറ്റ് വഴി നല്കുന്ന സഹായങ്ങള്‍ നിഷേധിച്ചതിനും വധശിക്ഷയ്ക്കുമെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതി ന്യായ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് 2019 ജൂലൈയില്‍ അന്താരാഷ്ട്ര നീതി ന്യായ കോടതി ശിക്ഷ തല്‍ക്കാലത്തേക്ക് നടപ്പാക്കുന്നത് മാറ്റിവെച്ചു. കൂടാതെ വിചാരണ-ശിക്ഷ വിധിക്കല്‍ നടപടികള്‍ പൂര്‍ണമായും പുനഃപരിശോധിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. അതേസമയം കുല്‍ഭൂഷണിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളുകയും ചെയ്തിരുന്നു.
content highlights: pak parliament adopts icj ordinance,will get kulbhushan to approach highcourt against death sentence
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..