ന്യൂഡല്‍ഹി: നാഗ്പൂരിലെ ബ്രഹ്മോസ് മിസൈല്‍ യൂണിറ്റിലെ ജീവനക്കാരനെ ചാരവൃത്തിയുടെ പേരില്‍ അറസ്റ്റ് ചെയ്തു. നിഷാന്ത് അഗര്‍വാളിനെയാണ്‌ തീവ്രവാദ വിരുദ്ധ സംഘം (എ.ടി.എസ്) അറസ്റ്റ് ചെയ്തത്. ഇയാള്‍ ഐഎസ്‌ഐ ഏജന്റാണെന്നാണ് സംശയിക്കപ്പെടുന്നത്‌.

ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര എ.ടി.എസ് സംഘങ്ങളുടെ സംയുക്ത നീക്കത്തിലാണ് ഇയാള്‍ പിടിയിലായത്. ബ്രഹ്മോസ് യൂണിറ്റില്‍ നാല് വര്‍ഷമായി ഇയാള്‍ ജോലിചെയ്തുവരുകയായിരുന്നു. ഡിആര്‍ഡിഒ ജീവനക്കാരനാണ് നിഷാന്ത് അഗര്‍വാള്‍.

നാഗ്പൂരിലെ പ്രതിരോധ ഗവേഷണ - വികസന കേന്ദ്രത്തില്‍ ബ്രഹ്മോസ് മിസൈലുകള്‍ക്ക് ആവശ്യമായ പ്രൊപ്പലന്റുകളും ഇന്ധനവും വികസിപ്പിക്കുന്ന യൂണിറ്റില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. വേഗതയേറിയ ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്ന് എ.ടി.എസ് സംശയിക്കുന്നു. 

ബ്രഹ്മോസ് മിസൈലിന്റെ അതീവ രഹസ്യ സ്വഭാവമുള്ള പല വിവരങ്ങളും അഗര്‍വാളിന് ലഭ്യമായിരുന്നെന്ന് പോലീസ് പറഞ്ഞു. അഗര്‍വാളിന്റെ പ്രവര്‍ത്തനരീതികള്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും എ.ടി.എസ് വ്യക്തമാക്കി. 

Content Highlights: Pak ISI agent arrested at sensitive BrahMos missile unit in Maharashtra's Nagpur