ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ രേഖകള്‍ ചോര്‍ത്തിയെന്നു സംശയിക്കുന്ന പാക് ഉദ്യോഗസ്ഥനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. പാക് ഹൈ കമ്മിഷണര്‍ അബ്ദുല്‍ ബാസിത്തിന്റെ കീഴിലുള്ള മെഹ്മൂദ് അക്തര്‍ എന്ന ഉദ്യോഗസ്ഥനെയാണ് ഡല്‍ഹി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഡല്‍ഹി ചാണക്യപുരി പോലീസ് സ്‌റ്റേഷനിലെത്തിച്ച മെഹ്മൂദ് അക്തറിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

ഇന്ത്യയില്‍ നിന്നുള്ള പ്രതിരോധ രേഖകള്‍ പാകിസ്താനിലേക്ക് ചോര്‍ത്തിയെന്ന പേരിലാണ് അക്തറിനെ ചോദ്യംചെയ്തിരിക്കുന്നത്. അതേസമയം ഇയാള്‍ക്ക് രേഖകള്‍ കൈമാറിയെന്ന് സംശയിക്കുന്ന രണ്ടു പേരെ രാജസ്ഥാനില്‍ അറസ്റ്റു ചെയ്തിട്ടുണ്ട്. സൈന്യത്തെ സംബന്ധിക്കുന്ന സുപ്രധാന രേഖകളാണ് ഇവര്‍ ചോര്‍ത്തിയതെന്നാണ് സൂചന.

പാക് ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ചാരസംഘത്തിലെ അഞ്ചു പേരെ ഇന്ത്യ കഴിഞ്ഞ നവംബറില്‍ അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് പാക് ഹൈകമ്മിഷനിലെ ചില ഉദ്യോഗസ്ഥരെ നിരീക്ഷിച്ചുവരികയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടികള്‍.

അതിനിടെ, അതിര്‍ത്തിയില്‍ പാകിസ്താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രാലയം പാക് ഹൈ കമ്മിഷണര്‍ അബ്ദുല്‍ ബാസിത്തിനെ വിളിച്ചുവരുത്തിയിട്ടുണ്ട്.