പ്രതീകാത്മകചിത്രം| Photo: Pics4news
ഇസ്ലാമാബാദ് : ചൈനയെപ്പോലുള്ള സുഹൃദ് രാഷ്ട്രങ്ങള്‍ സൗജന്യമായി നല്കുന്ന കോവിഡ് വാക്സിനില്‍ പ്രതീക്ഷയര്‍പ്പിച്ച് പാകിസ്താന്. അതിനാല്‍ തന്നെ തത്ക്കാലത്തേക്ക് വാക്സിന് വാങ്ങേണ്ടതില്ലെന്നും പകരം ആര്‍ജ്ജിത പ്രതിരോധ ശേഷി നേടാമെന്നുമാണ് പാകിസ്താന്റെ തീരുമാനം.
ചൈനയില്‍ നിന്നുള്ള സിനോഫാം, കാന്‍സിനോ ബയോ, ഓക്സ്ഫഡിന്റെ ആസ്ട്രാ സെനക്ക വാക്സിൻ, റഷ്യയുടെ സ്പുട്നിക്, എന്നീ വാക്സിനുകള്‍ക്കായി പാകിസ്താന് രജിസ്ടര്‍ ചെയ്തിട്ടുണ്ട്.
പെട്ടെന്ന് കോവിഡ് വാക്സിന് വാങ്ങാനുള്ള പദ്ധതിയൊന്നും പാകിസ്താന് സര്‍ക്കാരിനില്ല. ആര്‍ജ്ജിത പ്രതിരോധ ശേഷിയിലൂടെയും മറ്റു രാജ്യങ്ങള്‍ സംഭാവന ചെയ്യുന്ന കോവിഡ് വാക്സിനുകളെ ആശ്രയിച്ചും സ്ഥിതിഗതികളെ നേരിടാമെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് ദേശീയ ആരോഗ്യ സെക്രട്ടറി അമീര്‍ അഷ്റഫ് ഖവാജ പറഞ്ഞു.
ജനസംഖ്യയുടെ 70 മുതല്‍ 90 ശതമാനം വരെയുള്ള ആളുകള്‍ പകര്‍ച്ചവ്യാധികളോടുള്ള പ്രതിരോധ ശേഷി നേടുമ്പോഴാണ് ആര്‍ജ്ജിത പ്രതിരോധ ശേഷി ഒരു സമൂഹം കൈവരിക്കുന്നത്.
ചൈനയുടെ കാന്‍സിനോ വാക്സിന്റെ ഒറ്റ ഡോസിന് ഏതാണ്ട് 13 ഡോളറോളം വരും. അതിനാലാണ് മറ്റു രാജ്യങ്ങള്‍ സംഭാവനയായി നല്കുന്ന വാക്സിനായി കാത്തിരിക്കുന്നതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് എക്സിക്യുട്ടീവ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ആമിര്‍ അമര്‍ ഇക്രം പറഞ്ഞു.
ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിനോഫാം 10 ലക്ഷം ഡോസ് കോവിഡ്വാക്സിന്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. 5 ലക്ഷം ഡോസുകള്‍ പാകിസ്താന് കൈമാറിക്കഴിഞ്ഞു. അതില്‍ 2.75 ലക്ഷം ആരോഗ്യ വിദഗ്ധര്‍ക്കും എത്തിച്ചിട്ടുണ്ട്.
ഈ വര്‍ഷം ഏഴ് കോടി പേര്‍ക്ക് കുത്തിവെപ്പ് നല്കാന് പാകിസ്ഥാന് പദ്ധതിയിട്ടിട്ടുണ്ട്. ഇന്ത്യ നിര്‍മ്മിക്കുന്ന ഓക്സ്ഫഡ്-അസ്ട്രാസെനെക്കയുടെ കോവിഡ് വാക്സിന്റെ 16 ദശലക്ഷം സൗജന്യ ഡോസുകളും ലോകാരോഗ്യ സംഘടന വഴി പാകിസ്താന് ലഭ്യമാക്കുന്നുണ്ട്.
content highlights: Pak govt not planning to buy COVID-19 vaccines; to rely on herd immunity & donated jabs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..