ദുഷാന്‍ബെ (താജിക്കിസ്ഥാന്‍):  ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) എന്‍.എസ്.എ യോഗത്തില്‍ ചില കടുത്ത പരാമര്‍ശങ്ങള്‍ നടത്തി പാകിസ്താനെ പ്രതിരോധത്തിലാക്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍.

എസ്.സി.ഒ ചട്ടക്കൂടിന്റെ ഭാഗമായി പാകിസ്താന്‍ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകളായ ലഷ്‌കര്‍-ഇ-തൊയ്ബ, ജയ്ഷ്-ഇ-മുഹമ്മദ് എന്നിവര്‍ക്കെതിരെ കര്‍മപദ്ധതി കൊണ്ടുവരണമെന്ന് ഡോവല്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

തീവ്രവാദ ധനസഹായത്തെ ചെറുക്കുന്നതിന് എസ്.സി.ഒയും ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സും (എഫ്.ടി.എഫ്) തമ്മിലുള്ള ധാരാണപത്രം ഉള്‍പ്പടെ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

മുംബൈ ഭീകാരാക്രമണം, പാര്‍ലമെന്റ് ആക്രമണം തുടങ്ങി കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളില്‍ ഇന്ത്യയില്‍ നിരവധി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ തീവ്രവാദ സംഘടനകളാണ് ലഷ്‌കര്‍-ഇ-തൊയ്ബയും ജയ്ഷ്-ഇ-മുഹമ്മദും. ജമ്മുകശ്മീരിലെ നുഴഞ്ഞുകയറ്റങ്ങളിലും ഇവര്‍ക്ക് വ്യക്തമായ പങ്കുണ്ട്.

പാകിസ്താന്‍ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസുഫ് അടക്കമുള്ളവര്‍ പങ്കെടുത്ത സമ്മേളനത്തിലാണ് അജിത് ഡോവല്‍ പാക് സംഘടനകള്‍ക്കെതിരെ സംസാരിച്ചത് എന്നതാണ് ശ്രദ്ധേയം.

എല്ലാ രൂപങ്ങളിലും ഭാവങ്ങളിലുമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഡോവല്‍ ശക്തമായ അപലപിച്ചു. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണം നടത്തിയവരെ ഉള്‍പ്പടെയുള്ള എല്ലാ തീവ്രവാദികളേയും വേഗത്തില്‍ നീതിപീഠത്തിന് മുന്നിലെത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട വ്യക്തികള്‍ക്കെതിരെയും സംഘടനകള്‍ക്കെതിരേയും ഉപരോധമേര്‍പ്പെടുത്തികൊണ്ടുള്ള യുഎന്‍ പ്രമേയങ്ങള്‍ പൂര്‍ണ്ണമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം സമ്മേളനത്തില്‍ അടിവരയിട്ടു. ആയുധങ്ങള്‍ കടത്തുന്നതിനും മറ്റു തീവ്രവാദികള്‍ സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അവ കര്‍ശനമായി നിരീക്ഷിക്കണ്ടതുണ്ടെന്നും ഡോവല്‍ വ്യക്തമാക്കി.