ന്യൂഡല്‍ഹി: പാകിസ്താന്റെ ഡ്രോണുകള്‍ സ്‌ഫോടക വസ്തുക്കളുമായി പറക്കുമ്പോള്‍ ഇന്ത്യയുടെ ഡ്രോണുകള്‍ കോവിഡിനെ ചെറുക്കാനുള്ള വാക്‌സിനുകളും മരുന്നുകളുമാണ് വിതരണം ചെയ്യുന്നതെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം ഇതാണ്. ഇന്ത്യ സമാധാന സന്ദേശം പ്രചരിപ്പിക്കുമ്പോള്‍ ആ സമാധാനം നശിപ്പിക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉള്‍പ്രദേശങ്ങളില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കോവിഡ് വാക്‌സിനുകളും അത്യാവശ്യ മരുന്നുകളും എത്തിക്കാന്‍ കഴിയുന്ന തരത്തില്‍ വികസിപ്പിച്ചെടുത്ത പുതിയ ഡ്രോണിനെ പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ജമ്മു കശ്മീരിലെ മാര്‍ഹിലെ രാജ്യാന്തര അതിര്‍ത്തിക്ക് സമീപം മരുന്ന് എത്തിക്കുകയായിരുന്നു ഈ ഡ്രോണിന്റെ ആദ്യ ദൗത്യം. അവിടെ കോവിഡ് വാക്‌സിന്റെ 50 വയലുകള്‍ എത്തിച്ചെന്നും ജിതേന്ദ്ര സിങ്ങ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു. 

ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന്റെ കീഴില്‍ ബെംഗളൂരുവിലെ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയില്‍ റിസേര്‍ച്ചിന്റെ നേതൃത്വത്തിലാണ് ഈ ഒക്റ്റാകോപ്റ്റര്‍ ഡ്രോണ്‍ വികസിപ്പിച്ചെടുത്തത്‌. 10 കിലോഗ്രാം ഭാരവുമായി 20 കിലോമീറ്ററോളം പറക്കാന്‍ ഈ ഡ്രോണിന് കഴിയും. മണിക്കൂറില്‍ 36 കിലോമീറ്ററാണ് ഇതിന്റെ വേഗത. 

Content Highlights: Pak Drones Carry Explosives, Indian Ones Carry Medicines says Union Minister