പേരറിവാളൻ അമ്മ അർപ്പുതാമ്മാളിന് മധുരം നൽകുന്നു| Photo: ANI
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി എ.ജി. പേരറിവാളനെ മോചിപ്പിച്ച നടപടിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്. പേരറിവാളനെ മോചിപ്പിച്ചതില്‍ വേദനയും നിരാശയുമുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല പറഞ്ഞു. നിസ്സാരവും വിലകുറഞ്ഞതുമായ രാഷ്ട്രീയത്തിനു വേണ്ടി, ഒരു മുന്‍പ്രധാനമന്ത്രിയുടെ ഘാതകനെ മോചിപ്പിക്കാനുള്ള സാഹചര്യം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ചുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
രാജ്യത്തിന് ദുഃഖം നിറഞ്ഞ ദിവസമാണ് ഇന്ന്. പേരറിവാളനെ മോചിപ്പിച്ച നടപടിയില്‍ ദുഃഖവും അമര്‍ഷവുമുള്ളത് കോണ്‍ഗ്രസുകാര്‍ക്കും മാത്രമല്ല, ഭാരതത്തിലും ഭാരതീയതയിലും വിശ്വസിക്കുന്ന ഓരോ പൗരന്മാര്ക്കും അതുണ്ടെന്നും സുര്‍ജെവാല കൂട്ടിച്ചേര്‍ത്തു.
Also Read
ഭീകരവാദി ഭീകരവാദി തന്നെയാണ്. അങ്ങനെ വേണം പരിഗണിക്കാനും. ഇന്ന്, രാജീവ് ഗാന്ധിയുടെ ഘാതകനെ മോചിപ്പിക്കാന്‍ ഉത്തരവിട്ട സുപ്രീം കോടതിയുടെ തീരുമാനത്തില്‍ ഞങ്ങള്‍ക്ക് ഗാഢമായ വേദനയും നിരാശയുമുണ്ട്. ഒരു മുന്‍പ്രധാനമന്ത്രിയുടെ ഘാതകനെ മോചിപ്പിക്കുന്നത് അപലപനീയവും ഏറെ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജീവ് ഗാന്ധി ജീവത്യാഗം ചെയ്തത് രാജ്യത്തിനു വേണ്ടിയാണ് അല്ലാതെ കോണ്‍ഗ്രസിനു വേണ്ടിയല്ലെന്നും സുര്‍ജെവാല പറഞ്ഞു. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ലക്ഷക്കണക്കിനു പേരുണ്ടെന്നും അവരെയെല്ലാം മോചിപ്പിക്കുമോ എന്നും അദ്ദേഹം ആരാഞ്ഞു.
ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് പേരറിവാളനെ വിട്ടയക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. 31 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് വിട്ടയക്കാനുള്ള തീരുമാനം വന്നത്. പേരറിവാളനെ വിട്ടയക്കണമെന്ന ശുപാര്‍ശ 2018-ല്‍ തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഈ ശുപാര്‍ശ നീട്ടിക്കൊണ്ട് പോയ ഗവര്‍ണര്‍ പിന്നീടിത് രാഷ്ട്രപതിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് പേരറിവാളന് സുപ്രീം കോടതിയെ സമീപിച്ചു. ഇതിലാണ് വിധിയുണ്ടായിരിക്കുന്നത്.
രാജീവ് ഗാന്ധിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ബെല്‍റ്റ് ബോംബ് നിര്‍മിക്കാന്‍ ബാറ്ററി വാങ്ങി നല്കി എന്നതായിരുന്നു പേരറിവാളനെതിരായ കുറ്റം. എന്നാല്‍ ബാറ്ററി വാങ്ങി നല്‍കിയത് എന്തിന് വേണ്ടിയാണ് എന്ന് പേരറിവാളന് അറിയില്ലായിരുന്നുവെന്ന് പിന്നീട് അന്വേഷണ സംഘാംഗം തന്നെ വെളിപ്പെടുത്തി. ഇതിനുപിന്നാലെ പേരറിവാളന്റെ മോചനത്തിനായി തമിഴ്നാട്ടിലാകമാനം മുറവിളി ഉയരുകയും ചെയ്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..