ഭുവനേശ്വര്‍:  1817ല്‍ ഒഡീഷയില്‍ നടന്ന പൈക കലാപം (പൈക ബിദ്രോഹ) ഒന്നാം സ്വാതന്ത്ര്യ സമരമെന്ന പേരില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ ചരിത്രപാഠപുസ്തകത്തില്‍ ഇടംപിടിക്കും. മാനവ വിഭവശേഷി വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കറാണ് പൈക കലാപത്തിന്റെ 200 വാര്‍ഷികദിനമായ ഇന്നലെ ഇക്കാര്യം അറിയിച്ചത്.

രാജ്യമെമ്പാടും പൈക കലാപത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്നതിന് കേന്ദ്രം 200 കോടി രൂപ വകയിരുത്തിയിട്ടുള്ളതായും അദ്ദേഹം അറിയിച്ചു. എന്‍ഡി ടി വിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ 'ശിപായി ലഹള'യെന്ന് വിളിച്ച 1857 ലെ കലാപത്തെയാണ് നിലവില്‍ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കുന്നത്. 

"ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ഒന്നാം സ്വാതന്ത്ര്യസമരമെന്ന പേരില്‍ പൈക ബിദ്രോഹ ചരിത്രപാഠപുസ്തകങ്ങളില്‍ ഇടം പിടിക്കും". 1817 ലെ യഥാര്‍ഥ ചരിത്രം വിദ്യാര്‍ഥികള്‍ പഠിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പൈക കലാപത്തെ ഒന്നാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണമെന്ന് നേരത്തെ ഒഡീഷാ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ബക്ഷി ജഗന്ധു ബിദ്യാധരയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ 1817 ല്‍ നടന്ന കലാപമാണ് പൈക ബിദ്രോഹ എന്നറിയപ്പെടുന്നത്. കമ്പനിയുടെ സൈന്യം കലാപത്തെ അടിച്ചമര്‍ത്തുകയായിരുന്നു. പൈക കലാപത്തില്‍ പങ്കെടുത്തവരുടെ പിന്മുറക്കാരെ ഇക്കഴിഞ്ഞ ഏപ്രില്‍ 16ന് ഭുവനേശ്വറില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിച്ചിരുന്നു.