എഎപിക്ക് 50 കോടി കൊടുത്തു; സത്യേന്ദര്‍ ജെയിന്‍ 10 കോടി തട്ടിയെടുത്തു; സുകേഷിന്റെ പരാതി പുറത്ത്‌


സുകേഷ് ചന്ദ്രശേഖർ, സത്യേന്ദർ ജെയിൻ | Photo: Mathrubhumi Library, ANI

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ പിടിച്ചുകുലുക്കുന്ന ആരോപണമുയര്‍ത്തി സാമ്പത്തിക തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖര്‍. എ.എ.പി. മന്ത്രിയും നിലവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലിലുമായ സത്യേന്ദര്‍ ജെയിന്‍ പത്തുകോടി രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെടുത്തുവെന്നുമാണ് സുകേഷിന്റെ ആരോപണം. ഇത് ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സുകേഷ്, ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേനയ്ക്ക് പരാതിക്കത്തയച്ചു. പരാതിയുടെ പകര്‍പ്പ് മാധ്യമങ്ങളിലൂടെ പുറത്തെത്തി.

സാമ്പത്തിക തട്ടിപ്പു കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായിട്ടുള്ള സുകേഷ് 2017 മുതല്‍ ഡല്‍ഹി തിഹാര്‍ ജയിലിലാണ്. ജയിലിനുള്ളില്‍ സുരക്ഷ ഉറപ്പാക്കാനെന്ന പേരില്‍ സത്യേന്ദര്‍ ജെയിന്‍ പത്തുകോടി തട്ടിയെടുത്തുവെന്നാണ് സുകേഷ് ലെഫ്. ഗവര്‍ണറിനെഴുതിയ കത്തില്‍ പറയുന്നത്. എ.ഐ.ഡി.എം.കെ. ശശികല വിഭാഗവുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന കാര്യവും സുകേഷ് പരാതിക്കത്തില്‍ വ്യക്തമാക്കുന്നുണ്ട്.2015 മുതല്‍ തനിക്ക് സത്യേന്ദര്‍ ജെയിനെ പരിചയമുണ്ട്. പാര്‍ട്ടിയുടെ സൗത്ത് സോണില്‍ പ്രധാനപ്പെട്ട സ്ഥാനം നല്‍കാമെന്ന വാഗ്ദാനത്തിന്റെ പുറത്ത് 50 കോടിയില്‍ അധികംരൂപ എ.എ.പിയ്ക്ക് നല്‍കിയിട്ടുണ്ട്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാമെന്നും വാഗ്ദാനം ലഭിച്ചിരുന്നതായി സുകേഷ് പരാതിയില്‍ പറയുന്നു.

2017-ല്‍ അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്നം അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് പിന്നാലെ തിഹാര്‍ ജയിലിലായിരുന്നു സുകേഷിനെ പാര്‍പ്പിച്ചിരുന്നത്. ആ സമയത്ത്, ജയില്‍വകുപ്പു മന്ത്രിയായിരുന്ന ജെയിന്‍ പലവട്ടം തന്നെ ജയിലില്‍ എത്തി കണ്ടിരുന്നു. എ.എ.പിയ്ക്ക് പണം നല്‍കിയതിനെ കുറിച്ച് അന്വേഷണസംഘത്തോടു വെളിപ്പെടുത്തിയിരുന്നോ എന്ന് ആരാഞ്ഞിരുന്നെന്നും സുകേഷ് പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് 2019-ല്‍ ജെയിനും അദ്ദേഹത്തിന്റെ സെക്രട്ടറിയും അടുത്ത സുഹൃത്തുമായ സുശീലും വീണ്ടും ജയിലിലെത്തി. ജയിലില്‍ സുരക്ഷിതനായി കഴിയാനും അടിസ്ഥാനസൗകര്യങ്ങള്‍ ലഭിക്കാനും പ്രതിമാസം രണ്ടുകോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ജയില്‍ ഡി.ജി. സന്ദീപ് ഗോയല്‍ തന്റെ വിശ്വസ്തനാണെന്ന് അവകാശപ്പെട്ട ജെയിന്‍, അദ്ദേഹത്തിന് 1.50 കോടി നല്‍കണമെന്നും പറഞ്ഞതായി സുകേഷ് ആരോപിക്കുന്നു.

തന്നെ സമ്മര്‍ദ്ദത്തിലാഴ്ത്തി 10 കോടി രൂപ നല്‍കാന്‍ നിര്‍ബന്ധിതനാക്കിയെന്നാണ് സുകേഷ് പറയുന്നത്. സത്യേന്ദര്‍ ജെയിന്റെ സഹായിയായ ചതുര്‍വേദി എന്നയാളിലൂടെ കൊല്‍ക്കത്ത വഴിയാണ് പണമിടപാട് നടന്നതെന്നും 10 കോടി രൂപ സത്യേന്ദര്‍ ജെയിനും ജയില്‍ ഡി.ജി. സന്ദീപ് ഗോയലിന് 12.50 കോടിരൂപയും നല്‍കിയെന്നാണ് സുകേഷ് പരാതിയില്‍ പറയുന്നത്.

ഈയടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തിയ അന്വേഷണതിത്തിനിടെ സന്ദീപ് ഗോയലിനെ കുറിച്ചും അദ്ദേഹവും ജയില്‍വകുപ്പും നടത്തുന്ന ക്രമക്കേടുകളെയും കുറിച്ച് വെളിപ്പെടുത്തിയിരുന്നതായി സുകേഷ് പറയുന്നു. വിഷയത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തിട്ടുണ്ടെന്നും സുകേഷ് പരാതിക്കത്തില്‍ വ്യക്തമാക്കുന്നു. വിഷയം അടുത്തമാസം കോടതി പരിഗണിക്കാനിരിക്കുകയാണ്.

സത്യേന്ദര്‍ ജെയിനും ജയില്‍ ഡി.ജിയ്ക്കും പണം നല്‍കിയതിനെ കുറിച്ചുള്ള വിവരം കഴിഞ്ഞമാസം അന്വേഷണസംഘത്തിന് നല്‍കിയെങ്കിലും വിഷയത്തില്‍ ഇനിയും നടപടികള്‍ കൈക്കൊണ്ടിട്ടില്ലെന്നും സുകേഷ്, ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അയച്ച പരാതിയില്‍ ആരോപിക്കുന്നു. കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ജെയിന്‍ നിലവില്‍, തിഹാറിലെ ഏഴാം ജയിലിലാണുള്ളത്. ഹൈക്കോടതിയില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ ജയില്‍ ഡി.ജിയിലൂടെയും ജയില്‍ അധികൃതരിലൂടെയും ജെയിന്‍ തന്റെ മേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്നും സുകേഷ് ആരോപിക്കുന്നു. തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാന്‍ നിര്‍ദേശിക്കണമെന്ന് സുകേഷ് അഭ്യര്‍ഥിക്കുന്നുണ്ട്. സത്യേന്ദര്‍ ജെയിനിനും എ.എ.പിയ്ക്കും എതിരേ ഉന്നയിച്ച ആരോപണങ്ങളുടെ തെളിവുകള്‍ കൈമാറാനും 164 പ്രകാരം മൊഴി നല്‍കാനും തയ്യാറാണെന്നും സുകേഷ് വ്യക്തമാക്കുന്നു.

അതേസമയം, സുകേഷിന്റെ ആരോപണം തള്ളി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. ആരോപണങ്ങള്‍ തെറ്റാണെന്നും ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പില്‍നിന്നും മോര്‍ബി തൂക്കുപാല ദുരന്തത്തില്‍നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Content Highlights: paid ten crore to satyendar jain alleges sukesh chandrasekhar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented