ഭപ്പാല്‍: പദ്മാവത് സിനിമയ്‌ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍. ഭോപ്പാലില്‍ റാണി പദ്മാവതിയുടെ സ്മാരകം നിര്‍മ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ദീപിക പദുകോണ്‍ നായികയായ പദ്മാവത് സിനിമയ്‌ക്കെതിരായ പ്രതിഷേധം മധ്യപ്രദേശ് അടക്കം ആറ് സംസ്ഥാനങ്ങളില്‍ അക്രമാസക്തമായി മാറിയിരുന്നു. രജപുത്ര റാണി പദ്മാവതിയെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രമാണ് ഇതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. 

ചിത്രം ചരിത്രത്തെ വളച്ചൊടിച്ചുവെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി മാറ്റങ്ങള്‍ വരുത്തിയശേഷമാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചത്. പദ്മാവതി എന്നാണ് ആദ്യം പേരിട്ടിരുന്നതെങ്കിലും പിന്നീട് പദ്മാവത് എന്ന് പേരുമാറ്റി. എന്നിട്ടും സിനിമ റിലീസ് ചെയ്ത 2008 ജനുവരിയില്‍ ആറ് സംസ്ഥാനങ്ങളില്‍ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. 

സിനിമ തീയേറ്ററുകളും മാളുകളും ചന്തകളുംവരെ അക്രമ സംഭവങ്ങള്‍ക്ക് വേദിയായി. തീവണ്ടികള്‍ തടഞ്ഞു. പലസ്ഥലത്തും തീവെപ്പുമുണ്ടായി. മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയപാത അടക്കമുള്ള റോഡുകള്‍ ഉപരോധിച്ചിരുന്നു.

Content Highlights: Padmavat movie: cases against protesters will be withdrawn - Madhya Pradesh CM