ജഗദീഷ് ലാൽ അഹൂജ, ജാവേദ് അഹമ്മദ് ടക്, മുഹമ്മദ് ഷെരീഫ്, തുളസി ഗൗഡ (ഘടികാരക്രമത്തിൽ)
ജഗദീഷ് ലാല്‍ അഹൂജ, ജാവേദ് അഹമ്മദ് ടക്, തുളസി ഗൗഡ, മുഹമ്മദ് ഷെരീഫ്....സാമൂഹികപ്രവര്ത്തനത്തിലെ മികവിന് ഇക്കുറി രാജ്യം പദ്മശ്രീ പുരസ്കാരം നല്കി ആദരിച്ചവരില്‍ ചിലര്‍. ഓരോരുത്തര്‍ക്കും പറയാനുള്ളത് തീര്‍ത്തും വ്യത്യസ്തമായ കഥകള്‍.
ജഗദീഷ് ലാല്‍ അഹൂജ- 83കാരനായ അഹൂജയ്ക്ക് ലങ്കാര്‍ ബാബയെന്നൊരു പേരു കൂടിയുണ്ട്. സൗജന്യഭക്ഷണം ലഭിക്കുന്ന സിഖുകാരുടെ പൊതു അടുക്കളയ്ക്കാണ് ലങ്കാര്‍ എന്നു പറയുന്നത്. കഴിഞ്ഞ ഇരുപതുവര്‍ഷമായി ചണ്ഡീഗഢിലെ പി.ജി.ഐ.എം.ഇ.ആറിനു സമീപത്ത് രോഗികള്‍ക്കു വേണ്ടി പ്രതിദിനം ലങ്കാറുകള്‍ സംഘടിപ്പിക്കുന്നതിനാലാണ് അഹൂജയ്ക്ക് ലങ്കാര്‍ ബാബ എന്ന പേരു ലഭിച്ചത്. രോഗികള്‍ക്ക് ധനസഹായവും വസ്ത്രവും അഹൂജ നല്‍കാറുണ്ട്.
1947ല്‍ വിഭജനത്തിന്റെ സമയത്ത് പാകിസ്താനിലെ പെഷവാറില്‍നിന്ന് ഇന്ത്യയിലെത്തിയതാണ് അഹൂജയുടെ കുടുംബം. ആദ്യം മന്സയിലേക്കെത്തിയ അഹൂജയുടെ കുടുംബം പിന്നീട് ഇന്നത്തെ ചണ്ഡീഗഢിലേക്ക് താമസം മാറ്റുകയുമായിരുന്നു. പോക്കറ്റില്‍ കുറച്ചു പൈസ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ന്യൂഡല്‍ഹിയിലെ ഓള്‍ഡ് മണ്ഡിയില്‍ വാഴപ്പഴം വിറ്റിട്ടുണ്ട്. പട്ടിണിയും ദാരിദ്ര്യവും ഞാന്‍ അനുഭവിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് ഭക്ഷണം നല്കാന് കഴിയുന്നൊരു കാലം വന്നാല്‍, ലങ്കാറുകള്‍ ആരംഭിക്കുമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു- അഹൂജ പറയുന്നു.
ജാവേദ് അഹമ്മദ് ടക്: ജമ്മു കശ്മീരിലെ അനന്ത്നാഗ് ബിജ്ബെഹര സ്വദേശിയാണ് ജാവേദ്. ഭീകരാക്രമണത്തിനിടെ നട്ടെല്ലിന് വെടിയേറ്റതിനെ തുടര്‍ന്ന് ചലനശേഷി നഷ്ടപ്പെട്ടതിനാല്‍ 22 വര്‍ഷമായി വീല്‍ചെയറിലാണ് ജാവേദിന്റെ ജീവിതം. എന്നാല്‍ ആ പരിമിതി ജാവേദിനെ തളര്‍ത്തിയില്ല.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഈ നാല്പ്പത്താറുകാരനെ പദ്മശ്രീക്ക് അര്‍ഹനാക്കിയത്. ഇരുപതുവര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുകയാണ് ജാവേദ്. ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കാനാണ് ജാവേദിന്റെ പരിശ്രമങ്ങളൊക്കെയും.
മുഹമ്മദ് ഷെരീഫ്: ചാച്ചാ ഷെരീഫ് എന്നാണ് മുഹമ്മദ് ഷെരീഫ് അറിയപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ ഫൈസാബാദ് സ്വദേശിയാണ് ഇദ്ദേഹം. കഴിഞ്ഞ ഇരുപത് വര്‍ഷമായി അയോധ്യജില്ലയിലെ അവകാശികളില്ലാത്ത, അനാഥമൃതദേഹങ്ങള്‍ ഏറ്റെടുത്ത് സംസ്കരിക്കുന്നു എന്ന പുണ്യകര്‍മമാണ് ഇദ്ദേഹത്തെ പത്മ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. സൈക്കിള്‍ നന്നാക്കലാണ് ഷെരീഫിന്റെ ഉപജീവനമാര്‍ഗം. ഇരുപത്തയ്യായിരത്തില്‍ അധികം അനാഥ മൃതദേഹങ്ങളാണ് ഷെരീഫ് ഇതിനോടകം സംസ്കരിച്ചിട്ടുള്ളത്.
28 വര്‍ഷം മുമ്പ് മകന് മരിച്ചതാണ് ഷെരീഫിന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചത്. കെമിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ഷെരീഫിന്റെ മകന്. ജോലിയുടെ ഭാഗമായി സുല്‍ത്താന്‍പുര്‍ ജില്ലയില്‍ പോയപ്പോള്‍ ഷെരീഫിന്റെ മകനെ കാണാതാവുകയായിരുന്നു. പിന്നീട് റെയില്‍വേ ട്രാക്കില്‍നിന്ന് മകന്റെ മൃതദേഹം കണ്ടുകിട്ടി. രാമജന്മഭൂമി വിഷയത്തില്‍ സംഘര്‍ഷം ഉച്ചസ്ഥായില്‍ എത്തിയ സമയമായിരുന്നു അത്. പിന്നീടാണ് മനസ്സിലായത് വര്ഗീയലഹളയ്ക്കിടെ ഷെരീഫിന്റെ മകന് കൊല്ലപ്പെടുകയായിരുന്നുവെന്ന്. ഈ സംഭവം ഷെരീഫിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. തുടര്‍ന്ന് അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ മതമേതെന്ന് പരിഗണിക്കാതെ ഷെരീഫ് സംസ്കരിക്കാന്‍ ആരംഭിക്കുകയായിരുന്നുവെന്ന് ടൈംസ് നൗ ന്യൂസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
തുളസി ഗൗഡ: വിവിധയിനം ഔഷധച്ചെടികളെയും സസ്യങ്ങളെയും കുറിച്ചുള്ള അപാരമായ അറിവിനുടമയാണ് തുളസി ഗൗഡ. ഔപചാരികമായ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെങ്കിലും കാടിനെ കുറിച്ചുള്ള സര്‍വ വിജ്ഞാനകോശം എന്നാണ് തുളസി അറിയപ്പെടുന്നത്.
പിന്നാക്കസമുദായത്തില്‍ ജനിച്ച് ദാരിദ്ര്യത്തില്‍ വളര്‍ന്ന തുളസി, അറുപതുവര്‍ഷമായി പതിനായിരക്കണക്കിന് മരങ്ങളാണ് ഇതിനോടകം നട്ടിട്ടുള്ളത്. ഇന്ന് 72-ാം വയസിലും തൈകള്‍ നടാനും തന്റെ അറിവുകള്‍ പങ്കുവെക്കാനും തുളസി തയ്യാറാകുന്നു.
content highlights: padmashri award winners 2020, Jagdish Jal Ahuja, Mohammed Sharif, Tulasi Gowda, Javed Ahmad Tak
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..