രേന്ദ്രമോദി നിറഞ്ഞുനിന്ന നയതന്ത്രരംഗത്ത് സ്വന്തം വ്യക്തിപ്രതിഭയും കാര്യശൈലിയുടെ മികവുംകൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച സുഷമാ സ്വരാജ്. അടുത്ത ദശാബ്ദങ്ങളില്‍ ഇന്ത്യകണ്ട ഏറ്റവും നല്ല വിദേശകാര്യമന്ത്രി, ആര്‍ക്കും എപ്പോള്‍വേണമെങ്കിലും സാമൂഹികമാധ്യമത്തിലൂടെ ബന്ധപ്പെട്ട് പ്രശ്‌നപരിഹാരത്തിന് അവസരമുണ്ടാക്കിക്കൊടുത്ത, നയതന്ത്രരംഗത്തും പാസ്‌പോര്‍ട്ട്, വിസ, വിദേശയാത്ര, തൊഴില്‍ എന്നീ രംഗത്തും ഇന്ത്യയ്ക്ക് വലിയ സൗകര്യങ്ങളും നേട്ടങ്ങളും സമ്മാനിച്ച മന്ത്രി. സുഷമ സ്വരാജിനെ ജനങ്ങള്‍ ഓര്‍ക്കുന്നത് ഇങ്ങനെയാണ്. വലിയൊരു മനസ്സിന്റെ ഉടമയായി, വളരെ ഉദാരമതിയായി ജീവിച്ച അവര്‍ ഒരുപക്ഷേ, വളരെ സംതൃപ്തിയോടെയാകാം വിടപറഞ്ഞത്. ഒടുവില്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യവും അവരെ ആദരിച്ചിരിക്കുന്നു.

ഒരിക്കല്‍ പ്രധാനമന്ത്രി ആകുമെന്ന് ആശിച്ചുപോയ നേതാവായിരുന്നു സുഷമ. 2009 മുതല്‍ 2014 വരെ പ്രതിപക്ഷ നേതാവായിരുന്ന സുഷമയ്ക്ക് സ്വാഭാവികമായും പ്രധാനമന്ത്രി ആകാനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്നു. എന്നാല്‍, നരേന്ദ്രമോദി രാഷ്ട്രീയനഭസ്സില്‍ ഉദിച്ചപ്പോള്‍ മാറിമറിഞ്ഞ ഭാഗധേയങ്ങളില്‍ ഒന്നായി സുഷമ. ആ സാഹചര്യത്തോട് പൊരുത്തപ്പെടാന്‍ ആദ്യം ഏറെ വിമ്മിട്ടപ്പെട്ടെങ്കിലും പെട്ടെന്നാണ് അവര്‍ മോദിയുടെ വലിയ പ്രശംസകയും വലംകൈയുമായത്. 

വാജ്പേയി സര്‍ക്കാരില്‍ ആരോഗ്യമന്ത്രി, വാര്‍ത്താവിതരണമന്ത്രി, കമ്യൂണിക്കേഷന്‍ മിനിസ്റ്റര്‍ എന്നീ പദവികളിലവര്‍ ശോഭിച്ചു. 1977-ല്‍ ഹരിയാണയില്‍ എം.എല്‍.എ. ആയി, സംസ്ഥാനമന്ത്രിയായി, ചൗധരി ദേവിലാലിന്റെ 'ഒരു വോട്ട്, ഒരു നോട്ട്' എന്ന പ്രചാരണത്തിലൂടെ 1986-ല്‍ രാജീവ്ഗാന്ധിയുടെ വലിയ ജനപിന്തുണയ്ക്കെതിരായിനിന്ന് സ്വന്തം സാന്നിധ്യം തെളിയിക്കാന്‍ കഴിഞ്ഞ സുഷമാസ്വരാജ്, ജനങ്ങളെ ഉദ്ബുദ്ധമാക്കുന്ന പ്രസംഗത്തിലൂടെ 1990 ആയപ്പോഴേക്കും ദേശീയ വേദിയിലെത്തി. അദ്വാനിയുടെയും വാജ്പേയിയുടെയും വിജയരാജെ സിന്ധ്യയുടെയും തണലില്‍ അവര്‍ ദേശീയ നേതൃത്വത്തിലേക്കുയരുകയായിരുന്നു.

രാഷ്ട്രീയപരമായി സോണിയാഗാന്ധിയെ അങ്ങേയറ്റം എതിര്‍ത്തെങ്കിലും അവരോട്  സുഷമയ്ക്ക് വ്യക്തിപരമായി വളരെ അടുപ്പമുണ്ടായിരുന്നു. എല്ലാ പ്രതിപക്ഷനേതാക്കളുമായും നല്ല ബന്ധമുണ്ടാക്കാനും അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. ഒരു ജനകീയ സംവിധാനത്തില്‍ വളരെ ജനകീയമായിത്തന്നെ ഏറെ വിട്ടുവീഴ്ചകളോടെ സ്വന്തം ആദര്‍ശത്തിലും പാര്‍ട്ടിയിലും ഉറച്ചുനിന്നു. വാജ്പേയി ആയിരുന്നു അരുടെ റോള്‍മോഡല്‍. ബി.ജെ.പി.യുടെ ഏറ്റവും പ്രകാശമുള്ള, ശ്രദ്ധേയയും പ്രൗഢയും പ്രസിദ്ധയും ഏവര്‍ക്കും സ്വീകാര്യയുമായ സ്ത്രീരൂപം. പ്രഗല്ഭയായ വാഗ്മി. അപ്രതീക്ഷിതമായി, അസമയത്തായിരുന്നു സുഷമാസ്വരാജിന്റെ വിയോഗം. 

സുഷമാ സ്വരാജ് (1952-2019)

1970 എ.ബി.വി.പി.യിലൂടെ രാഷ്ട്രീയത്തിലേക്ക് ഇന്ദിരാ ഗാന്ധിക്കെതിരേ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു  1973 സുപ്രീംകോടതിയില്‍  അഭിഭാഷകയായി ജോലിതുടങ്ങി 197725-ാം വയസ്സില്‍ ഹരിയാണ സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രി 1977-'79,1987-'90കാലത്ത് ഹരിയാണ മന്ത്രി. തൊഴില്‍, വിദ്യാഭ്യാസം, ഭക്ഷ്യവിതരണം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു 1979 ജനതാപാര്‍ട്ടിയുടെ ഹരിയാണ ഘടകം  അധ്യക്ഷ 1990 രാജ്യസഭാംഗം 1996  സൗത്ത് ഡല്‍ഹി മണ്ഡലത്തില്‍നിന്ന് ലോക്സഭയിലെത്തി. ഏഴുതവണ എം.പി.യായി വാജ്പേയിമന്ത്രിസഭയില്‍ വാര്‍ത്താവിതരണമന്ത്രി 1998  മാര്‍ച്ച് 19 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ അധികചുമതല ഡല്‍ഹി മുഖ്യമന്ത്രി. ബി.ജെ.പി.യുടെ ആദ്യ വനിതാ മുഖ്യമന്ത്രി 2003 എന്‍.ഡി.എ. സര്‍ക്കാരില്‍ ആരോഗ്യ-കുടുംബക്ഷേമം, പാര്‍ലമെന്ററി കാര്യം എന്നീ വകുപ്പുകളുടെ ചുമതല 2009 ജനുവരി മൂന്ന് ലോക്സഭയില്‍ പ്രതിപക്ഷത്തിന്റെ ഉപനേതാവ് ഡിസംബര്‍ 21 ലോക്സഭയിലെ ആദ്യ വനിതാപ്രതിപക്ഷനേതാവ് 2014 വിദേശകാര്യമന്ത്രി

പ്രധാനനേട്ടങ്ങള്‍

ഏറ്റവും ചെറിയപ്രായത്തില്‍ സംസ്ഥാന മന്ത്രിയായ ആദ്യ വനിത
ദേശീയ രാഷ്ട്രീയപ്പാര്‍ട്ടിയുടെ വക്താവാകുന്ന ആദ്യ വനിത
ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി
ലോക്സഭയിലെ ആദ്യ വനിതാ പ്രതിപക്ഷനേതാവ്
മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം (2008ലും 2010-ലും)
(രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ലേഖകന്‍,  ഓഗനൈസര്‍ മുന്‍പത്രാധിപനാണ്)

വേറിട്ട ശബ്ദം

വ്യത്യസ്തയായിരുന്നു സുഷമാ സ്വരാജ്. പലകാര്യത്തിലും അവര്‍ക്കു മുന്‍ഗാമികളില്ലായിരുന്നു. പക്ഷേ, അവര്‍ കടന്നുപോയത് വേറിട്ട ഒരു പാതതീര്‍ത്താണ്. കഠിനാധ്വാനവും പ്രസംഗചാതുരിയും വ്യക്തിത്വദൃഢതയുംകൊണ്ടാണ് അവര്‍ ആ വഴിവെട്ടിയത്. ഇന്ദിരാഗാന്ധിയുടെ പ്രഭകെടുത്തിയ അടിയന്തരാവസ്ഥയായിരുന്നു സുഷമയുടെ പ്രഭപരത്തിയത്. സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണ്‍ അടിയന്തരാവസ്ഥയ്ക്കുനേരെ നയിച്ച പോരാട്ടത്തില്‍ സുഷമയും അണിചേര്‍ന്നു. 'ബറോഡ ഡയനാമിറ്റ് കേസി'ല്‍ ജോര്‍ജ് ഫെര്‍ണാണ്ടസിനുവേണ്ടി സുപ്രീംകോടതിയില്‍ വാദിച്ച യുവ അഭിഭാഷകയെ ഇന്ത്യ ശ്രദ്ധിച്ചു. 1977-ല്‍ അടിയന്തരാവസ്ഥ അവസാനിച്ചു. ഇന്ദിര സര്‍ക്കാര്‍ താഴെവീണു. ഫെര്‍ണാണ്ടസിനായി വാദിച്ച അഭിഭാഷക ഹരിയാണയിലെ ദേവിലാല്‍ സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയായി. അന്ന് സുഷമയ്ക്കുപ്രായം 25. ആര്‍.എസ്.എസുകാരനായ അച്ഛന്റെ മകള്‍ രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ജനതാ പാര്‍ട്ടിയുടെ ഹരിയാണാഘടകം പ്രസിഡന്റായി. അക്കൊല്ലം പാര്‍ട്ടി പിളര്‍ന്നു. സുഷമ ജനസംഘത്തിനൊപ്പം പോയി. ജനസംഘം പിന്നീട് ബി.ജെ.പി.യായി. സ്വപ്രയത്‌നത്താല്‍ അവിടെയും അവര്‍ അനിഷേധ്യയായി. 

നേടിയെടുത്ത നേട്ടങ്ങള്‍

ഇന്ദിരയെ മാറ്റിനിര്‍ത്തിയാല്‍ സ്വന്തം ഒച്ച വേറിട്ടുകേള്‍പ്പിച്ച വനിതകള്‍ രാഷ്ട്രീയത്തിലേറെയില്ലാത്ത കാലത്താണ് സുഷമയെത്തിയത്; അതും കുടുംബമഹിമയുടെയോ രാഷ്ട്രീയരക്ഷാകര്‍ത്താക്കളുടെയോ പിന്തുണയില്ലാതെ. വെള്ളിത്താലത്തില്‍ വെച്ചുനീട്ടപ്പെട്ടതല്ല അവരുടെ നേട്ടങ്ങളൊന്നും. ഏറ്റവും കഠിനമായവയിലേക്ക് സ്വയം ഇറങ്ങിച്ചെന്ന് നേടിയെടുത്തതാണ്. 1999-ല്‍ സോണിയാഗാന്ധിയെ നേരിടാന്‍ കോണ്‍ഗ്രസിന്റെ തട്ടകമായ ബെല്ലാരിയിലേക്കുപോകാന്‍ അവര്‍ പ്രകടിപ്പിച്ച സന്നദ്ധതയെ അങ്ങനെയല്ലാതെ എങ്ങനെയാണു വിശേഷിപ്പിക്കുക. ഹരിയാണയില്‍ ജനിച്ചുവളര്‍ന്ന അവര്‍ പ്രചാരണത്തില്‍ പ്രസംഗിക്കാനായി കന്നഡഭാഷ പഠിച്ചു. കോണ്‍ഗ്രസിന്റെ ഗോദയിലിറങ്ങിയുള്ള പോരില്‍ തോറ്റെങ്കിലും ബി.ജെ.പി.യുടെ ദക്ഷിണേന്ത്യയിലേക്കുള്ള വരവിലെ നിര്‍ണായക അധ്യായങ്ങളിലൊന്നായി ആ മത്സരം. 

ആദ്യ വാജ്പേയി മന്ത്രിസഭയില്‍നിന്ന് രാജിവെച്ചാണ് 1998-ല്‍ അവര്‍ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തത്. മൂന്നുമാസം തികച്ചുഭരിക്കാന്‍ അവര്‍ക്കായില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. തോറ്റു. പക്ഷേ, സുഷമ ദേശീയരാഷ്ട്രീയത്തില്‍ ശ്രദ്ധേയയായി. ബി.ജെ.പി.യുടെ ഉന്നതനേതാവ് എല്‍.കെ. അദ്വാനിയുടെ പ്രിയശിഷ്യയായി. പാര്‍ലമെന്റിലെ ശ്രദ്ധേയശബ്ദമായി. 15-ാം ലോക്സഭയിലെ പ്രതിപക്ഷനേതാവായി. ബി.ജെ.പി. പുരുഷനേതാക്കളാല്‍ സമ്പന്നമായിരിക്കുമ്പോഴായിരുന്നു ഇതെല്ലാം. 

'സൂപ്പര്‍ മോം'

2014-ല്‍ മോദിമന്ത്രിസഭ അധികാരമേറ്റപ്പോള്‍ സുഷമാ സ്വരാജ് മന്ത്രിയായി ഉണ്ടാവുമെന്നു പലരും കരുതിയതല്ല. സംശയാലുക്കള്‍ക്കുള്ള മറുപടിയെന്നവണ്ണം അദ്വാനിയുടെ സഹയാത്രികയെ മോദി മന്ത്രിയാക്കി. വിദേശകാര്യമെന്ന വലിയ വകുപ്പുതന്നെ നല്‍കി. പക്ഷേ, വിദേശകാര്യങ്ങളില്‍ നേരിട്ട് ഇടപെട്ട പ്രധാനമന്ത്രിക്കുകീഴില്‍ സുഷമയുടെ വലുപ്പം കുറഞ്ഞുപോയി. 

വിദേശരാജ്യങ്ങളില്‍ പര്യടനം നടത്തിയും കരാറുകളൊപ്പിട്ടും തിളങ്ങിനിന്ന പ്രധാനമന്ത്രിയോട് അവര്‍ അസഹിഷ്ണുതകാട്ടിയില്ല. തിരശ്ശീലയ്ക്കുപിന്നിലിരുന്നെന്നപോലെ അവര്‍ പണിയെടുത്തു. ട്വിറ്റര്‍ എന്ന മാധ്യമത്തെ വിദേശകാര്യവകുപ്പിന്റെ പണിയായുധങ്ങളിലൊന്നാക്കി. സാധാരണക്കാരനും വിദേശകാര്യമന്ത്രാലയത്തില്‍ 'കടന്നുചെല്ലാ'മെന്നായി. ലോകത്തിന്റെ ഏതുഭാഗത്തുമുള്ള ഇന്ത്യക്കാര്‍ക്കും ഏറ്റവും പ്രാപ്യയായ മന്ത്രിയായി. 

പ്രശ്‌നങ്ങള്‍ ട്വീറ്റുചെയ്താല്‍ മറുപടി ഉടനുണ്ടായി, പരിഹാരനടപടിയും. 'ഇന്ത്യയുടെ സൂപ്പര്‍ മൊം' എന്ന് അമേരിക്കയിലെ 'വാഷിങ്ടണ്‍ പോസ്റ്റ്' പത്രം അവരെ വിശേഷിപ്പിച്ചു. 
വിദേശകാര്യവകുപ്പിനുമാത്രമല്ല, മോദിസര്‍ക്കാരിനും ബി.ജെ.പി.ക്കുതന്നെയും വേറിട്ട പ്രതിച്ഛായ നല്‍കാന്‍ സുഷമയുടെ ഇടപെടലുകള്‍ക്കായി. 

വാഴ്ത്തുക്കള്‍ക്കുമാത്രം ഇടമുള്ളതല്ല സുഷമയുടെ രാഷ്ട്രീയജീവിതം. ബി.ജെ.പി.യിലെ ഏതുവലിയ യാഥാസ്ഥിതികരെക്കാളും പലകാര്യത്തിലും യാഥാസ്ഥിതികത്വം കാട്ടിയിട്ടുണ്ട് അവര്‍. ഫാഷന്‍ ടി.വി. നിരോധിച്ചതും ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തിനെതിരേയും ദീപ മേത്തയുടെ 'ഫയറി'നെതിരേയും രംഗത്തെത്തിയതും ഇതേ സുഷമയാണ്. മംഗലാപുരത്ത് യുവതികളെ ഹനുമാന്‍സേനക്കാര്‍ 'സദാചാര'ത്തിന്റെ പേരില്‍  അപമാനിച്ചപ്പോള്‍ തിരഞ്ഞെടുപ്പിനുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അവര്‍ നിലകൊണ്ടുവെന്നതു വൈരുധ്യം. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയിലുള്‍പ്പെട്ട ഐ.പി.എല്‍. മുന്‍ ചെയര്‍മാന്‍ ലളിത് മോദിക്കുവേണ്ടി ഇടപെട്ടതിനു പഴികേട്ടു. ബി.ജെ.പി.യും ആര്‍.എസ്.എസും പക്ഷേ, സുഷമയ്‌ക്കൊപ്പം നിന്നു. 

സ്വന്തം രോഗവിവരം അവര്‍ പൊതുജനത്തില്‍നിന്നു മറച്ചുവെച്ചില്ല. വൃക്കമാറ്റിവെക്കലിന്റെ കാര്യം 'ട്വിറ്ററി'ലൂടെ അറിയിച്ചു. രോഗമുക്തയായിവരുന്ന നാളുകളില്‍ ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെതിരേ പ്രസംഗിച്ച്, രോഗത്തിനും തളര്‍ത്താനാവില്ല തന്റെ പോരാട്ടവീര്യത്തെയും ഔദ്യോഗികകൃത്യനിര്‍വഹണത്തെയുമെന്നു തെളിയിച്ചു. വിജയിയായാണ് അവര്‍ പോകുന്നത്. 

പത്രപ്രവര്‍ത്തകനായ ശേഖര്‍ ഗുപ്ത സുഷമയെക്കുറിച്ച് 'ദ പ്രിന്റി'ലെഴുതിയ കുറിപ്പില്‍ പറയുംപോലെ 'ക്രിക്കറ്റിലെന്നപോലെ രാഷ്ട്രീയത്തിലും എല്ലാ താരങ്ങള്‍ക്കും കപില്‍ദേവോ സച്ചിന്‍ തെണ്ടുല്‍ക്കറോ ആവാനാവില്ല. ആരെങ്കിലും രാഹുല്‍ ദ്രാവിഡായിരിക്കേണ്ടതുമുണ്ട്.'

(പുനഃപ്രസിദ്ധീകരണം)

Content Highlights: Padma Bhushan Sushama Swaraj