ഗുലാം നബി ആസാദ്, ബുദ്ധദേവ് ഭട്ടാചാര്യ | photo: PTI
ന്യൂഡല്‍ഹി: പ്രതിപക്ഷ നിരയിലെ രണ്ട് സുപ്രധാന നേതാക്കളും 73-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പത്മ പുരസ്‌കാര പട്ടികയില്‍ ഇടംപിടിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഗുലാം നബി ആസാദിനും ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയ്ക്കുമാണ് പത്മ പുരസ്‌കാരം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചത്. പത്മ ഭൂഷന്‍ പുരസ്‌കാരത്തിനാണ് ഇരുവരും അര്‍ഹരായത്.
കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കിടെയാണ് ജമ്മു കശ്മീരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദിന് കേന്ദ്രസര്‍ക്കാര്‍ പത്മ പുരസ്‌കാരം നല്‍കുന്നത്. കോണ്‍ഗ്രസിന്റെ സംഘടനാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളില്‍ പ്രധാനിയാണ് ആസാദ്. അദ്ദേഹത്തിന്റെ രാജ്യസഭാംഗത്വം അവസാനിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വികാരപരമായ പ്രസംഗം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. നേതൃത്വവുമായി ഇടഞ്ഞ് ജമ്മുകശ്മീരില്‍ ശക്തിപ്രകടനത്തിനൊരുങ്ങുന്നതിനിടയിലാണ് ആസാദിന് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്.
ദീര്‍ഘകാലം ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് 78-ാം വയസിലാണ് പത്മ ഭൂഷന്‍ പുരസ്‌കാരം ലഭിക്കുന്നത്. 2011ല്‍ മമതാ ബാനര്‍ജി അധികാരം പിടിച്ചെടുക്കുന്നതുവരെ പശ്ചിമബംഗാള്‍ രാഷ്ട്രീയത്തിലെ ശക്തനായ നേതാവായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് നേരത്തേയും സര്‍ക്കാരുകള്‍ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടങ്കിലും അവര്‍ സ്വീകരിച്ചിട്ടില്ല. ഹിരണ്‍ മുഖര്‍ജി, ഇ.എം.എസ്. നമ്പൂതിരിപ്പാട്, ജ്യോതിബസു തുടങ്ങിയവര്‍ക്ക് നേരത്തേ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ജനറല്‍ ബിപിന്‍ റാവത്ത്, രാധേശ്യാം ഖേംക, കല്യാണ്‍ സിങ് എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷന്‍ ലഭിച്ചു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് മുന്‍ മുഖ്യമന്ത്രിയും പിന്നാക്ക വിഭാഗം നേതാവുമായിരുന്ന കല്യാണ്‍ സിങ്ങിന് മരണാനന്തര ബഹുമതിയായി പദ്മഭൂഷണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈന്ദവാശയങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ കേന്ദ്രമായ ഗീതാ പ്രസ്സിന്റെ ചെയര്‍മാനായിരുന്ന രാധേശ്യാം ഖേംഖയ്ക്കുള്ള മരണാനന്തര പുരസ്‌കാരത്തിനും രാഷ്ട്രീയപശ്ചാത്തലമുണ്ട്.
മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രബാ അത്രെയും പത്മവിഭൂഷന്‍ നേടി. എഴുത്തുകാരി പ്രതിഭാ റായ്, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടര്‍ സൈറസ് പൂനവാല, മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നഡെല, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബറ്റിന്റെ സി.ഇ.ഒ സുന്ദര്‍ പിച്ചൈ തുടങ്ങിയവര്‍ക്ക് പത്മഭൂഷണും ലഭിച്ചു.
കവി പി.നാരായണകുറുപ്പ്, കളരിയാശാന്‍ ശങ്കരനാരായണ മേനോന്‍ ചുണ്ടയില്‍, വെച്ചൂര്‍ പശുക്കളെ സംരക്ഷിക്കുന്ന ശോശാമ്മ ഐപ്പ്, സാമൂഹിക പ്രവര്‍ത്തക കെ.വി.റാബിയ എന്നിവര്‍ക്ക് കേരളത്തില്‍ നിന്ന് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. ഇന്ത്യയ്ക്കുവേണ്ടി ടോക്യേ ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ചരിത്രം സൃഷ്ടിച്ച് നീരജ് ചോപ്രയ്ക്കും പത്മശ്രീ ലഭിച്ചു.
ഇത്തവണ നാല് പേര്‍ പത്മ വിഭൂഷണും 17 പേര്‍ പത്മ ഭൂഷണും 107 പേര്‍ പത്മ ശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി. ഇതില്‍ 34 പേര്‍ വനിതകളാണ്. 13 പേര്‍ക്ക് മരണാനന്തര ബഹുമതിയുമാണ് ലഭിച്ചത്.
content highlights: Padma Awards For Opposition's Ghulam Nabi Azad, Buddhadeb Bhattacharjee
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..