1971-ലെ അഭയാർഥി ക്യാമ്പുകളിൽ ഒന്ന്/ ഡോ.ദിലിപ് മഹലനാബിസ് | Photo: AP/ Twitter/ @Edmondfernandes
ഒ.ആർ.എസ്. ഈ മൂന്ന് അക്ഷരങ്ങള്‍ കേള്‍ക്കാത്ത ഒരു കുട്ടിക്കാലം നമുക്കാര്‍ക്കും ഉണ്ടായിട്ടുണ്ടാകില്ല. വയറിളക്കവും ഛര്‍ദ്ദിയുമായി ആശുപത്രിയില്‍ എത്തുമ്പോള്‍ ഡോക്ടര്‍മാര്‍ ആദ്യം എഴുതുന്നതാണ് ഒആര്‍എസ്. ശരീരത്തിലെ നിര്‍ജലീകരണം തടയാന്‍ ഉപ്പും മധുരവും ഇടകലര്‍ന്ന രുചിയുള്ള ഈ 'മരുന്നി'ന് കഴിയുമായിരുന്നു. കോളറ ബാധിച്ച കോടിക്കണക്കിന് ആളുകളുടെ ജീവന് രക്ഷിച്ച ഈ ഓറല്‍ റീഹൈഡ്രേഷന്‍ തെറാപ്പിയുടെ പിന്നിലെ തലച്ചോര്‍ ഡോക്ടറും ഗവേഷകനുമായ ദിലീപ് മഹലനോബിസ് ആയിരുന്നു. മെഡിക്കല്‍ രംഗത്ത് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ കണ്ടുപിടുത്തം നടത്തിയ ഡോ. ദിലീപ് മഹലനോ
ബിസിന് മരണാനന്തര ബഹുമതിയായി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പദ്മവിഭൂഷണ് നല്കി രാജ്യം ആദരവര്‍പ്പിച്ചിരിക്കുകയാണ്.
1934 നവംബര്‍ 12-ന് പശ്ചിമ ബംഗാളിലായിരുന്നു മഹലനോബിസിന്റെ ജനനം. കൊല്‍ക്കത്തയിലും ലണ്ടനിലുമായിട്ടായിരുന്നു പഠനം. 1960-കളില്‍ അദ്ദേഹം കൊല്‍ക്കത്തയിലെ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ച് ആന്റ് ട്രെയ്നിങ്ങില്‍ ഗവേഷകനായി എത്തി. അവിടെ നിന്ന് ഡോ.ഡേവിഡ് ആര് നളിന്‍, ഡോ റിച്ചാര്‍ഡ് എ കാഷ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ഒ.ആര്.എസ്. (ഓറല്‍ റീഹൈഡ്രേഷന്‍ സൊലൂഷന്) വികസിപ്പിച്ചു.
1971-ലെ ബംഗ്ലാദേശിലെ വിമോചനയുദ്ധകാലത്ത് അഭയാര്‍ഥി ക്യാമ്പില്‍ കോളറയും ഡയേറിയയും പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവിടെ രക്ഷയായത് മഹലനോബിസിന്റെ കണ്ടുപിടുത്തമായിരുന്നു. അന്ന് കിഴക്കന്‍ പാകിസ്താനില്‍ നിന്ന് ആയിരക്കണക്കിന് ആളുകളാണ് ഇന്ത്യയില്‍ അഭയം തേടി എത്തിയത്. ശുദ്ധമായ കുടിവെള്ളവും പൊതുശുചിത്വവും പ്രശ്നമായതോടെ അഭയാര്‍ഥി ക്യാമ്പുകള്‍ രോഗത്തിന്റെ പിടിയില്‍ അമര്‍ന്നു. എന്നാല്‍ മഹലനോബിസിന്റെ ചികിത്സാരീതികൊണ്ട് ക്യാമ്പിലെ മരണനിരക്കില്‍ വലിയ കുറവുണ്ടായി. പല സ്ഥലത്തും 20-30 ശതമാനം വരെയുണ്ടായിരുന്ന മരണനിരക്ക് അദ്ദേഹത്തിന്റെ ക്യാമ്പായ ബാങ്കോനില് മൂന്ന് ശതമാനം മാത്രമായിരുന്നു.
രോഗികള്‍ക്കും അസ്വസ്ഥത അനുഭവിക്കുന്നവര്‍ക്കുമായി അദ്ദേഹവും ടീമും ചേര്‍ന്ന് വലിയ ഡ്രമ്മുകളില്‍ ഒ.ആര്.എസ് തയ്യാറാക്കി വയ്ക്കുമായിരുന്നു. ഗ്ലൂക്കോസും ഉപ്പും ശുദ്ധ ജലത്തില്‍ കൃത്യമായ അളവില്‍ ചേര്‍ത്തായിരുന്നു അദ്ദേഹം ഒ.ആര്.എസ് അന്ന് തയ്യാറാക്കിയിരുന്നത്. അന്ന് അദ്ദേഹത്തിന്റെ ക്യാമ്പ് സന്ദര്‍ശിച്ച ലോകാരോഗ്യ സംഘടനയുടെ ബാക്ടീരിയല്‍ ഡിസീസ് യൂനിറ്റിന്റെ തലവനായ ഡോ. ദിമന്‍ ബര്‍വ പിന്നീട് ഓറല്‍ റീഹൈഡ്രേഷന്‍ തെറാപ്പി പ്രചാരത്തിലാക്കുകയായിരുന്നു. ലോകാരോഗ്യ സംഘടനയുടെ ജേണലായ സൗത്ത് ഈസ്റ്റ് ഏഷ്യ ജേണല്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തില്‍ അദ്ദേഹം അന്നത്തെ അനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു.
'കൃത്യമായ പരിശീലനം ലഭിച്ച ആളുകള്‍ സേവനത്തിനില്ലാത്തതും അവശ്യസാധനങ്ങള്‍ എത്തിക്കാനുള്ള ബുദ്ധിമുട്ടുമായിരുന്നു അക്കാലത്ത് നേരിട്ടിരുന്ന വലിയ ബുദ്ധിമുട്ട്. ഒആര്‍എസ് കുടിച്ചാല്‍ ക്ഷീണം മാറുമെന്ന് അന്ന് ആളുകളെ ബോധ്യപ്പെടുത്താനും ഒരുപാട് പ്രയാസപ്പെട്ടു. ശുദ്ധമായ ഉപ്പുവെള്ളം ആണെന്നായിരുന്നു അന്ന് ആളുകളോട് പറഞ്ഞിരുന്നത്. 22 ഗ്രാം ഗ്ലൂക്കോസ് (കൊമേഴ്സ്യല്‍ മോണോഹൈഡ്രേറ്റ്), 3.5 ഗ്രാം സോഡിയം ക്ലോറൈഡ് (ടേബിള്‍ സാള്‍ട്ട്), 2.5 ഗ്രാം സോഡിയം ബൈകാര്‍ബൊണേറ്റ് (ബേക്കിങ് സോഡ) എന്നിവ ഒരു ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്ത്തായിരുന്ന് അന്ന് ഒ.ആര്.എസ് ഉണ്ടാക്കിയിരുന്നത്. ഏറ്റവും എളുപ്പമുള്ള ഫോര്‍മുല ആയിരുന്നു അത്. ഏറ്റവും കുറഞ്ഞ ഘടകങ്ങൾ ഉപയോഗിച്ച് എങ്ങനെ ഉണ്ടാക്കാം എന്നതായിരുന്നു അന്നത്തെ വെല്ലുവിളി'-മഹാലനോബിസ് ജേണലില്‍ പറയുന്നു.
അഭയാര്‍ഥി ക്യാമ്പിലെ മികച്ച പ്രവര്‍ത്തനത്തെ തുടര്‍ന്ന് 1975-1979 കാലഘട്ടങ്ങളില്‍ ലോകാരോഗ്യസംഘടനയ്ക്കുവേണ്ടി അഫ്ഗാനിസ്താന്, ഈജിപ്റ്റ്, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലും ഈ ശിശുരോഗ വിദഗ്ധന്‍
പ്രവര്‍ത്തിച്ചു.
തുടക്കക്കാലത്ത് മെഡിക്കല്‍ ഫീല്‍ഡില്‍ ഓറല്‍ റീഹൈഡ്രേഷന്‍ തെറാപ്പിക്ക് പ്രചാരം ലഭിച്ചിരുന്നില്ല. പല ഡോക്ടര്‍മാരും ഈ ചികിത്സയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ലോകാരോഗ്യസംഘടന തന്നെ ഈ ചികിത്സാരീതി ഏറ്റെടുത്തു. വലിയ ചിലവില്ലാതെ ഉപയോഗിക്കാന്‍ കഴിയുമെന്നതും കൃത്യമായ പരിശീലനം ലഭിച്ചിട്ടില്ലാത്തവര്‍ക്കും തയ്യാറാക്കാനാകുമെന്നതും ഒ.ആര്.എസ്. സംയുക്തത്തിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഇന്നും പല വികസ്വര രാജ്യങ്ങളിലും കുട്ടികളുടെ മരണത്തിനുത്തരവാദിയാണ് കോളറ പോലുള്ള വയറിളക്ക രോഗങ്ങള്‍. അവിടെയെല്ലാം ഒരുപരിധി വരെ രക്ഷയാകുന്നത് ഓറല്‍ റീഹൈഡ്രേഷന്‍ തെറാപ്പിയാണ്. 2022 ഒക്ടോബര്‍ 16-നാണ് മഹലനോബിസ് ഈ ലോകത്തോട് വിട പറഞ്ഞത്. ശ്വാസകോശ അണുബാധയും വാര്‍ദ്ധക്യസഹജമായ അസുഖത്തേയും തുടര്‍ന്ന് കൊല്‍ക്കത്തയിലായിരുന്നു അന്ത്യം.
( പുനഃപ്രസിദ്ധീകരണം )
Content Highlights: dr dilip mahalanabis who pioneered the use of ors to be awarded padma vibhushan, padma awards 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..